സുൽത്താൻബത്തേരി: യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതടക്കമുള്ള നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിലെ ബി.ജെ.പി.ക്കുള്ളിൽ കൂട്ടരാജി. സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. പ്രേമൻ, അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. അനിൽ, ചീരാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ എന്നിവർ നിയോജകമണ്ഡലം പ്രസിഡന്റിനെ ഫോണിൽ വിളിച്ച് രാജിസന്നദ്ധത അറിയിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽപ്പേർ പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട‌്. ചിലയിടങ്ങളിൽ പാർട്ടി കമ്മിറ്റികൾ പിരിച്ചുവിടാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജൂലായ് അഞ്ചാം തിയ്യതിയോടെ സംസ്ഥാന നേതാക്കൾ ജില്ലയിലെത്തും. ബത്തേരിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കുള്ളിലുയർന്ന തർക്കങ്ങൾക്ക് പിന്നാലെ യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായത്.





































