പത്തനംതിട്ട: പത്തനംതിട്ട എസ്.പി ഓഫീസിലെ സിവല്‍ പൊലീസ് ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്. രോഗികളായ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയായ പോലീസ് ഓഫീസറുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
അതേസമയം, പത്തനംതിട്ടയില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ബി.ബി നൂഹ് പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ 900 ആളുകള്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 28 ആളുകള്‍ ആശുപത്രിയിലുമുണ്ട്. ഏഴ് കേസുകളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ മനപ്പൂര്‍വം പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിതായി കളക്ടര്‍ പറഞ്ഞു.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 85 വയസായ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 42 പേരെ കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ പോയ സ്ഥലങ്ങളുടെ മാപ്പാണ് പ്രസിദ്ധീകരിച്ചത്.
രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം വിവരം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.
ഫ്ളോചാര്‍ട്ടില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് രോഗികള്‍ സഞ്ചരിച്ച വഴികള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.





































