തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ (Covid19) സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 14 കവിഞ്ഞു.
കൊറോണ ബാധയെതുടര്‍ന്ന്‍ കളമശ്ശേരിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
പക്ഷെ ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നും രോഗം കൂടുതല്‍ പേര്‍ക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പത്തനംതിട്ടയില്‍ 7, എറണാകുളത്ത് 3, കോട്ടയത്ത് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ഇപ്പോഴത്തെ കണക്കുകള്‍.
ഇന്നലെ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 980 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 815 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ബാക്കിയുള്ള ഫലങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
കേരളത്തില്‍ ഇപ്പോള്‍ 1495 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 259 പേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കൊറോണയെ ശക്തമായി പ്രതിരോധിക്കുന്നതിന് കടുത്ത പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
സാംപിള്‍ പരിശോധനയ്ക്ക് തിരുവനന്തപുരത്തേയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളേജുകള്‍ അനുമതി നല്‍കിയിട്ടുണ്ട്. വൈറസ് 14 പേരിലേയ്ക്ക് എത്തിയിട്ടുള്ള ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
കൂടാതെ വിദേശത്തുനിന്നും എത്തുന്നവര്‍ അധികൃതരെ അറിയിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്.