റോം: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് കുടുങ്ങികിടക്കുകയാണ്. ഇതില്‍ മലയാളി വിദ്യാര്‍ത്ഥികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാവിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങികിടക്കുന്നത്. സര്‍വകലാശാല ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സര്‍വകലാശാലയിലെ 15 പേര്‍ നിരീക്ഷണത്തിലാണ്.
സമാന സാഹചര്യത്തില്‍ ഇറാനിലും മലയാളികളായ മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളായ 17 മലയാളികളാണ് ഇറാനിലെ തീരനഗരമായ അസ്ല്‍യൂവില്‍ കുടുങ്ങിക്കിടക്കുന്നത്.
23 പേരാണ് ഒരു മുറിയില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ 17 പേര്‍ മലയാളികളും ശേഷിക്കുന്നവര്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇറാനില്‍ കൊറോണ വൈറസ് പടരുന്നതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പോലുമാകുന്നില്ല.
അതേസമയം ലോകത്ത് ഭീതി പടര്‍ത്തി വ്യാപിക്കുകയാണ് കൊവിഡ് 19. വൈറസ് ബാധിച്ച് മരണം ലോകത്താകെ മൂവായിരം കടന്നു. കൂടുതല്‍ രാജ്യങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ചൈന കഴിഞ്ഞാല്‍ ഇറ്റലിയും ഇറാനുമാണ് കൊവിഡിന്റെ പിടിയില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായ രാജ്യങ്ങള്‍. ഇറ്റലിയില്‍ 34 മരണവും ഇറാനില്‍ 54 മരണവും സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയില്‍ 21 പേര്‍ മരിച്ചു.





































