തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു.
ദല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ നിന്നും പത്താം തിയതി കൊല്ലത്ത് എത്തിയ ആളാണ് ഇദ്ദേഹം. ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പതിനൊന്നാം തിയതി സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.
17 ാം തിയതിയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് മാറ്റി. പിന്നീട് നില ഗുരുതരമാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്നും 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നത്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധയേറ്റത്.





































