ലോകത്തെ ഭീതിപ്പെടുത്തി കൊറോണ വൈറസ് (COVID-19) അതിന്‍റെ പ്രയാണം തുടരുകയാണ്. മഹാമാരിയുടെ ഭീകര മരണ യാത്രയില്‍ പകച്ചു നില്‍ക്കുകയാണ് ലോകം.
ആഗോളതലത്തില്‍ കോവിഡ് മരണ സംഖ്യ 88,000 കടന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഒപ്പം കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,08,965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,29,632 പേര് മാത്രമാണ് രോഗവിമുക്തി നേടിയത്.
നിലവില്‍, വൈറസ് ബാധ ഏറ്റവും ഭീതിജനകമായി തുടരുന്നത് അമേരിക്കയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ ആയിരത്തിലധികം പേരാണ് മരണമടഞ്ഞത്. അമേരിക്കയില്‍ ഇതുവരെയുള്ള മരണസംഖ്യ 14,665 ആണ്. 4,27,079 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ 938 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനില്‍ 747 പേരും ഇറ്റലിയില്‍ 542 പേരും രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്ത്യയില്‍ 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം , കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 76 ദിവസമായി തുടരുന്ന lock down പൂര്‍ണമായി നീക്കി. ചുരുക്കം ചില നിയന്ത്രണങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളുള്‍പ്പെടെ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ 80 ശതമാനവും വുഹാനിലായിരുന്നു.




































