gnn24x7

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

0
294
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 450 ആയി. സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കാണ് രോഗം ഭേദമായത്.

രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത്. നിലവില്‍ 116 പേർ ചികിത്സയിലാണ്.

21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21241 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

കാസർകോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്.

റമദാന്‍ വ്രതം തുടങ്ങിയതിനാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം ഇന്നുമുതല്‍ വൈകീട്ട് അഞ്ചുമണിക്കാണ്. ദൈനംദിനവിവരങ്ങളെക്കുറിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ മുഖ്യമന്ത്രി എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്കായിരുന്നു ഇതുവരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

എന്നാല്‍ ആറിനും ഏഴിനും ഇടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ച് മുതല്‍ ആറ് മണി വരെ സമയത്തിലേക്ക് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കൊവിഡ് ചികിത്സയിലിരുന്നു ഇന്ന് മരിച്ച കുഞ്ഞ്. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന് നേരത്തെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. കേരളത്തില്‍ കൊവിഡ് ബാധിച്ച് മൂന്നാമത്തെ മരണമാണിത്.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.

കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു വന്നത്. കൊണ്ടു വരുമ്പോള്‍ തന്നെ നില അതീവ ഗുരുതരമായിരുന്നെന്ന് മെഡിക്കല്‍ കോളെജ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കുഞ്ഞിന് രോഗം വന്നതിനെ സംബന്ധിച്ച് അവ്യക്തതയുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത ബന്ധുവിന് രോഗം സ്ഥിരീകരിച്ചതാണ് കുഞ്ഞിന് വൈറസ് പകരാന്‍ കാരണമായതെന്നാണ് കരുതുന്നതെങ്കിലും മാതാപിതാക്കള്‍ ഇത് സമ്മതിച്ചിട്ടില്ല. ബന്ധു കുഞ്ഞിനെ കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കള്‍ അവകാശപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here