തിരുവനന്തപുരം: കൊവിഡ് 19 രോഗം ബാധിച്ച് കേരളത്തിൽ ഇനി 102 രോഗികൾ കൂടിയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ പറഞ്ഞു. ഇതുവരെ 392 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വെള്ളിയാഴ്ച്ച 9 പേർക്ക് അസുഖം ഭേദമായതോടെയാണ് രോഗികളുടെ എണ്ണം 102 ആയി ചുരുങ്ങിയത്. ഒരു കൊവിഡ് 19 കേസു പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത വെള്ളിയാഴ്ച്ച സംസ്ഥാനത്തിന് ആശ്വാസ ദിനമായിരുന്നുവെന്നും കെ.കെ ശെെലജ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,067 പേർ വീടുകളിലും, 432 പേർ ആശുപത്രികളിലുമാണ്. വെള്ളിയാഴ്ച്ച 106 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷങ്ങളുള്ള 27,150 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അരോഗ്യ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുതായി പത്ത് ഹോട്ട് സ്പോട്ടുകൾ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, പാറശാല, അതിയന്നൂർ, കാരോട്, വെളളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ 80 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.