കൊൽക്കത്ത: ഉംഫുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 12 ഓളം പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊല്‍ക്കത്തയില്‍ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില‍് ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ വൻനാശനഷ്ടമാണുണ്ടാക്കിയത്.അതേസമയം ചുഴലിക്കാറ്റിന്റെ വേഗത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംഫുൻ കരയിലേക്ക് പ്രവേശിച്ചത്. ബംഗാളിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിലാണ് വീശിയത്.
ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. ഉംഫുൻ കോവിഡിനേക്കാൾ വലിയ പ്രഹരം ബംഗാളിന് ഏല്പിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.





































