gnn24x7

ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരണം അഞ്ചായി

0
293
gnn24x7

ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരണം അഞ്ചായി. സംഘര്‍ഷാവസ്ഥ തുടരുന്നസാഹചര്യത്തില്‍ ദല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംഘര്‍ഷത്തില്‍ 105 പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

ദല്‍ഹി സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ദല്‍ഹിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചതായി ദല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

മൗജ്പൂരില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ദല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കഴിഞ്ഞദിവസം പൗരത്വ നിയമ അനുകൂലികള്‍ അക്രമിക്കുകയായിരുന്നു. അനുകൂലികള്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഒമ്പത് വയസുള്ള കുട്ടിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാര്‍ക്കുനേരെ അക്രമികള്‍ കല്ലേറ് നടത്തുകയും പെട്രോള്‍ ബോബ് എറിയുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു.

അതേ സമയം സംഘര്‍ഷത്തെതുടര്‍ന്ന് ഒരാളെ അറസ്റ്റുചെയ്തതായി ദല്‍ഹി പൊലീസ് അറിയിച്ചു. മുഹമ്മദ് ഷാരൂഖ് എന്നയാളെയാണ് അറസ്റ്റുചെയ്തത്. പൊലീസിനു നേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ചാണ് അറസ്റ്റ്.

ദല്‍ഹി അക്രമത്തിന് ആഹ്വാനം നടത്തിയത് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്ന് ജാമിഅ കോഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here