gnn24x7

ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി; സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി

0
271
gnn24x7

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി. ദല്‍ഹിയില്‍ അക്രമം മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ശാന്തിയും സമാധാനവുമാണ് പ്രധാനമെന്നും ദല്‍ഹിയിലെ സഹോദരന്മാര്‍ സമാധാനം പാലിക്കണമെന്നും ദല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. പരുക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ദല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടത്.

ദല്‍ഹിയിലെ ആക്രമണത്തില്‍ 56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കുനേരെയുണ്ടായ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. രാജ്യത്തെ മറ്റൊരു 1984ലേക്ക് തള്ളിവിടരുതെന്നും ഈ കോടതി നോക്കിനില്‍ക്കുമ്പോള്‍ അതിന് അനുവദിക്കില്ലെന്നും ഹൈകോടതി പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കണമെന്നും ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ആളുകള്‍ പ്രശ്ന ബാധിത പ്രദേശങ്ങളിലെത്തി നിയമപരമായി നടപടികള്‍ കൈക്കൊള്ളുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പരുക്കേറ്റവര്‍ക്ക് മികച്ച സുരക്ഷ നല്‍കണം. ദല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചു. അഡ്വ. സുബൈദ ബീഗമാണ് അമിക്കസ് ക്യൂറിയാവുക.

67 കമ്പനി പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങളെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദല്‍ഹി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നടത്താനിരുന്ന കേരള സന്ദര്‍ശനം ഒഴിവാക്കിയിരുന്നു.

ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ പൊലീസിന്റെയും കേന്ദ്ര സേനയുടെയും നിര്‍ദ്ദേശമുണ്ട്. ദല്‍ഹിയില്‍ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡി.എം.ആര്‍.സി അറിയിച്ചു. പക്ഷെ ഇന്ന് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here