ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന കലാപത്തിനുശേഷം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്.
ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാനും കടകമ്പോളങ്ങള്‍ തുറന്ന്‍ പ്രവര്‍ത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. കലാപത്തിനിരയായവര്‍ക്ക് കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇന്ന് മുതല്‍ വിതരണം ചെയ്യും.
25,000 രൂപ വീതം അടിയന്തര സഹായമാണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 69 അപേക്ഷകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇരകളായാവരുടെ വീടുകളില്‍ നേരിട്ടെത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ വിവരങ്ങള്‍ ശേഖരിക്കും.
അതേസമയം ഡല്‍ഹി ഇപ്പോള്‍ ശാന്തമാണ്. വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ ജനജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ് പ്രശ്‌ന ബാധിത മേഖലകള്‍. കൂടാതെ ജനങ്ങളുടെ ഭീതി അകറ്റാനായി ഫ്‌ളാഗ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങിയ പ്രശ്‌നമേഖലകളില്‍ ഡല്‍ഹി പോലീസിനു പുറമേ അര്‍ധസൈനികരേയും വിന്യസിച്ചിട്ടുണ്ട്.
യുപി സര്‍ക്കാര്‍ നടപടിയ്ക്ക് സമാനമായി പൊതു മുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കലാപകാരികളില്‍ നിന്നും ഈടാക്കുമെന്നും സൂചനയുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ വഴി അക്രമത്തിന് ആഹ്വാനം നടത്തുന്നവര്‍ക്കെതിരെയുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വാട്സ് ആപ് നമ്പര്‍ നല്‍കിയിട്ടുണ്ട്.





































