കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ ശ്രീധരന് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒന്‍പത് മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഒരുകൂട്ടം റിട്ടയേര്‍ഡ് എഞ്ചിനീയര്‍മാരും സ്വകാര്യ എഞ്ചിനയര്‍മാരും ചേര്‍ന്ന് എറണാകുളത്ത് അവിശുദ്ധ ബന്ധമുണ്ട്. നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നത് ഇവരുടെ പതിവായിരിക്കുകയാണ്. അവരാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. സ്വാഭാവികമായി പാലം നിര്‍മ്മിച്ച ആര്‍.ഡി.എക്‌സ് അവരുടെ നിലനില്‍പ്പിനായി പെറ്റീഷനുമായി മുന്നോട്ടുപോയി. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരോടൊപ്പം ഇവരും കൂടി ചേര്‍ന്നിട്ടാണ് വാദിച്ചത്. അന്ന് സിംഗിള്‍ ബെഞ്ച് ഇത് ചെയ്യില്ലായിരുന്നെങ്കില്‍ ശ്രീധരന് പാലം പണി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം മതിയായിരുന്നു. എറണാകുളത്ത് പൊതുനിര്‍മ്മിതികളെ എതിര്‍ക്കുന്ന ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലത്തില്‍ ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പാലം പുതുക്കി പണിയാമെന്നും അതിനുള്ള നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചെന്നൈ ഐ.ഐ.ടിയുടെ പഠനം, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തുടങ്ങിയവ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ ഹാജരായി.