gnn24x7

ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യം; സിന്ധ്യയെ വിമര്‍ശിച്ച് അശോക് ഗെഹ്‌ലോട്ട്

0
312
gnn24x7

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക് ഗെഹ്‌ലോട്ട് വിമര്‍ശിച്ചത്.

ബി.ജെ.പി സമ്പദ് വ്യവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങളും സാമൂഹിക ഘടനയും നീതിന്യായ വ്യവസ്ഥയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിന്ധ്യ പാര്‍ട്ടി വിട്ടതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

‘രാഷ്ട്രം ഇത്രയും വലിയൊരു പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സിന്ധ്യ ബി.ജെ.പിയുമായി കൈകോര്‍ത്തത് ഒരു നേതാവിന്റെ വ്യക്തി താത്പര്യം സംരംക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. പ്രധാനമായും ബി.ജെ.പി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങളും സാമൂഹിക ഘടനയും നീതിന്യായ വ്യവസ്ഥയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്,’ ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

വോട്ടു ചെയ്ത ജനങ്ങളോട് സിന്ധ്യ വിശ്വാസവഞ്ചന കാണിച്ചെന്നും അധികാരം മാത്രമാണ് അവരുടെ ചിന്തയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

‘സിന്ധ്യ തന്റെ ആശയത്തിനോടും ജനങ്ങളോടും വിശ്വാസവഞ്ചന കാണിച്ചു. ഇത്തരം ആളുകള്‍ കാണിച്ചു തരുന്നത് അവര്‍ക്ക് അധികാരമില്ലാതെ മുന്നേറാന്‍ കഴിയില്ലെന്നാണ്. ഇത്തരക്കാര്‍ എത്രയും പെട്ടെന്ന് പോവുന്നതു തന്നെയാണ് നല്ലത്,’ ഗെഹ്‌ലോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്ന് സൂചനയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനും ശിവ്‌രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

സിന്ധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ 20 കോണ്‍ഗ്രസ് എം.എല്‍.എ മാരും രാജിവെച്ചിട്ടുണ്ട്.

സിന്ധ്യ പാര്‍ട്ടി വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ശിവരാജ് സിങ് ചൗഹാന്‍ നേരത്തെ സിന്ദ്യയെ നേരത്തെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. നരോത്തം മിശ്രയും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here