കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച് ഇപ്പോഴും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ കുപ്രസിദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍.ഐ. കണ്ടെത്തി. ഇക്കാര്യം വ്യക്തമായ തെളിവുകളോടെ കോടതിയില്‍ എന്‍.ഐ.എ ഹാജരാക്കുകയും ചെയ്തു.
കേസിലെ സുപ്രധാന കക്ഷിയാണ് കെ.ടി.റമീസ്. റമീസ് പലതവണകളായി ഇന്ത്യയിലേക്ക് വിദേശത്തു നിന്നും ആയുധങ്ങള്‍ കടത്തി വ്യാപാരം ചെയ്തിരുന്നതായി വ്യക്തമായ രേഖകള്‍ എന്‍.ഐ.എ കണ്ടെടുത്തു. പ്രതികളുടെ ഗുരുതരമായ കുറ്റകൃതമായതിനാല്‍ ഇവര്‍ക്കുമേല്‍ കോടതി യു.എ.പി.എ ചുമത്താനുള്ള കാര്യങ്ങള്‍ വിശദമാക്കുവാന്‍ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ തെളിവുകള്‍ ശേഖരിച്ചു. അവയില്‍ മിക്കതും ഡിജിറ്റല്‍ തെളിവുകളാണ്. 90 ഓളം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ. കോടതിയില്‍ വെളിപ്പെടുത്തി. ഇതില്‍ നിന്നും 22 എണ്ണം മാത്രമെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും എന്‍.എ.എക്ക് വേര്‍തിരിച്ച് എടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ എന്നാണ് അറിയുന്നത്.
എന്നാല്‍ വിദേശത്തടക്കം ഇനിയും കൂടുതല്‍ അന്വേഷണം നടത്തുവാനുള്ളതിനാല്‍ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് എന്‍.ഐ.എ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ അഭ്യര്‍ത്ഥിച്ചു. കേസിലെ 10 പ്രതികള്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചതിലാണ് കോടതി വാദം കേട്ടത്.





































