കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെയും ജനങ്ങൾ നിരാഹാര സമരം നടത്തുകയാണ്.
അതേസമയം ദ്വീപ് നിവാസികൾ വീടുകളിൽ കരിങ്കൊടി ഉയർത്തുകയും മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടുകയും ചെയ്യും. ദ്വീപുകൾ ഒരുമിച്ചു നടത്തുന്ന ആദ്യ ജനകീയ പ്രക്ഷോഭമാണിത്. സേവ് ലക്ഷദ്വീപ് ഫോറം ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ഒന്നുകൂടി ശക്തമാക്കാനാണ് തീരുമാനം.





































