കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. ബിജെപി നേതാക്കള്‍ വീട്ടിലെത്തി പണം അമ്മയുടെ കൈയ്യിൽ കൊടുത്തതായാണ് സുന്ദര പറയുന്നത്.
15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര കേരളത്തിലെ ഒരു പ്രമുഖ വാർത്ത ചാനലിനോട് പറഞ്ഞു. നാമനിർദേശ പത്രിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത് സുന്ദര കൂട്ടിച്ചേർത്തു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാര്‍ഥിയായി കെ സുന്ദര മത്സരിച്ചിരുന്നു. അന്ന് അദ്ദേഹം 462 വോട്ടുകള്‍ നേടിയിരുന്നു. എന്നാൽ ആ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ വെറും 89 വോട്ടുകള്‍ക്ക് പരാജയപ്പെടുകായിരുന്നു. എന്നാൽ ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കെ സുന്ദര മത്സരിക്കാനായി പത്രിക നല്‍കിയതിനെ തുടർന്നാണ് ബിജെപി നേതാക്കള്‍ ഇടപെട്ട് പണം നൽകിയത്.
അതേസമയം കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങൾ നല്‍കിയിട്ടുണ്ട് സുരേന്ദ്രൻ ജയിക്കുകയാണെങ്കിൽ മംഗലാപുരത്ത് ബിയർ- വൈൻ പാർലർ നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും സുന്ദര വെളിപ്പെടുത്തി.
 
                






