അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കഴിയുകയായിരുന്ന ബെക്സ് കൃഷ്ണന് തുണയായെത്തിയത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. തൃശ്ശൂർ പുത്തൻച്ചിറ ആണ് ബെക്സ് കൃഷ്ണൻറെ സ്വദേശം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് ബെക്സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ആണ് അബുദാബി സുപ്രീം കോടതി കൃഷ്ണനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. കോടതി വിധി വന്ന ശേഷം കൃഷ്ണന്റെ കുടുംബം അദ്ദേഹത്തിന്റെ മോചനത്തിനായി ഒത്തിരി പരിശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
മരണപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങൾ സംഭവത്തിനു ശേഷം യു എ ഇ വിട്ട് പോവുകയും സുഡാനിൽ സ്ഥിരമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായത്.
അവസാന ആശ്രയം ആയി കൃഷ്ണന്റെ കുടുംബം അദ്ദേഹത്തിന്റെ മോചനത്തിനായി എം.എ.യൂസഫലിയെ സമീപിക്കുകയായിരുന്നു. തുടർന്ന് യൂസുഫലി കേസ് സംബന്ധിച്ച മുഴുവൻ രേഖകളും ശേഖരിക്കുകയും ഇരു കക്ഷികളുമായി മാറിമാറി സംസാരിക്കുകയും ചെയ്തു. കേസിന്റെ ഭാഗമായി യൂസുഫലി തന്നെ അബുദാബിയിൽ നിന്ന് സുഡാനിലേക്ക് പോകുകയും മരണപ്പെട്ട യുവാവിന്റെ കുടുംബവുമായി നേരിട്ട് നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷമാണ് മരണപ്പെട്ട യുവാവിന്റെ കുടുംബം മാപ്പ് നൽകാമെന്ന് കോടതിയിൽ അറിയിച്ചത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം(ഒരു കോടി രൂപ) ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയായിരുന്നു.
കൃഷ്‍ണന്റെ ജയിൽ മോചനം സംബന്ധിച്ച് എല്ലാ കോടതി നടപടികളും ജയിൽ അധികൃതരും, ഇന്ത്യൻ എംബസിയും ഇന്ന് പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഒമ്പത് വർഷം നീണ്ടു നിന്ന ജയിൽ വാസത്തിന് അറുതി വരുത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ കൃഷ്ണൻ നാട്ടിലേക്ക് പറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.