ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ചൊവ്വാഴ്ച ഹാജരാകണമെന്ന നിര്‍ദേശം മീററ്റില്‍ നിന്നുള്ള ആരാച്ചാര്‍ പവന്‍ ജില്ലാദിന് തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രതികളുടെ ആരോഗ്യസ്ഥിതി ദിവസവും പരിശോധിക്കുന്നുണ്ട്.ആരാച്ചാര്‍ വന്നതിന് ശേഷം വീണ്ടും ഡമ്മി പരീക്ഷണം നടത്തും. പ്രതികളായ മുകേഷ് കുമാര്‍ സിംഗ്,പവന്‍ ഗുപ്ത,വിനയ് ശര്‍മ,അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ വധശിക്ഷയാണ് ഒരുമിച്ച് നടപ്പിലാക്കുക.
അതിനിടെ പ്രതികള്‍ നിയമപരമായ എല്ലാ സാധ്യതകളും വീണ്ടും ഉപയോഗിക്കുകയുമാണ്. ഒരു പ്രതി വിനയ് ശര്‍മ ഹൈക്കോടതിയെ സമീപിച്ചത് തന്‍റെ ദയാ ഹര്‍ജി തള്ളിയ തീരുമാനത്തില്‍ പിഴവ് ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ്.വിനയ് ശര്‍മ്മ പുതിയ ദയാഹര്‍ജിയും നല്‍കിയിരുന്നു. ഇതില്‍ തന്‍റെ വധശിക്ഷ ജീവപര്യന്തം ആക്കണം എന്നായിരുന്നു പറഞ്ഞത്. മുകേഷ് സിംഗ് ആകട്ടെ സുപ്രീംകോടതിയെ ആണ് സമീപിച്ചത്. പിഴവ് തിരുത്തല്‍ ഹര്‍ജി ഉള്‍പ്പെടെയുള്ളവ വീണ്ടും നല്‍കണം എന്നാണ് ഈ ഹര്‍ജിയിലെ ആവശ്യം. പവന്‍ കുമാര്‍ ഗുപ്ത കീഴ്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആ ഹര്‍ജിയില്‍ പറയുന്നത് മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാണ്. തീഹാര്‍ ജയില്‍ അധികൃതര്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനായി എല്ലാ ഒരുക്കങ്ങളും നടത്തുമ്പോള്‍ പ്രതികളാകട്ടെ വധശിക്ഷ വൈകിപ്പിക്കുന്നതിനയുള്ള നിയമപരമായ എല്ലാ സാധ്യതകളും നോക്കുകയാണ്.വധ ശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപെടുന്ന ഹര്‍ജിയില്‍ പോലും പ്രതികള്‍ പ്രതീക്ഷിക്കുന്നത് വധശിക്ഷ നടപ്പിലാക്കുന്നത് വൈകുമോ എന്നതാണ്.