ലക്‌നൗ: ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് യു.പി സര്‍ക്കാറിനോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
കൊവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥ നിലനില്‍ക്കുമ്പോഴും രോഗികളെ പരിചരിക്കുന്ന ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
” ഈ ഒരു ഘട്ടത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്. അവര്‍ നമുക്ക് ജീവന്‍ നല്‍കുന്നവരാണ്, യുദ്ധഭൂമിയിലെ പോരാളികളാണ്. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയും ശമ്പളം വെട്ടിക്കുറച്ചും വലിയ അനീതിയാണ് നേഴുസുമാരോടും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരോടും കാണിക്കുന്നത്,’ അവര്‍ പറഞ്ഞു.
”ഇത് ഈ പോരാളികളോട് അനീതികാട്ടേണ്ട സമയമല്ല, അവരുടെ വേദന കേള്‍ക്കേണ്ട സമയമാണ്,” അവര്‍ യു.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ആശുപത്രി അധികൃതര്‍ തങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നെന്നും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നും പറഞ്ഞ് ബന്ദ ജില്ലയിലെ ആശുപത്രിയിലെ ഒരു മെഡിക്കല്‍ സ്റ്റാഫിന്റെ വീഡിയോയും പ്രിയങ്ക തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ച 174 ആയി ഉയര്‍ന്നിരുന്നു.




































