ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. സംഘർഷം രൂക്ഷമായിരിക്കെ ലോഡിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇസ്രായേലിലെ ലോഡിൽ ഷെല്ലാക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. അതിർത്തികളിൽ റോക്കറ്റ് ആക്രമണവും വെടിവെയ്പ്പും തുടരുകയാണ്. അതേസമയം സംഘർഷങ്ങൾക്കിടെയുണ്ടായ ഷെല്ലാക്രമണത്തിൽ അടിമാലി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു.
യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സൗമ്യ സന്തോഷിൻ്റെ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സഹായം തേടിയിരുന്നു. ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.





































