ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയെന്നു പറഞ്ഞ് സ്ത്രീയും പുരുഷനും തമ്മില്‍ ബന്ധപ്പെട്ടാല്‍ അതൊരിക്കലും പീഢനമായോ, ബലാത്സംഗമായോ പരിഗണിക്കാനാവില്ലെന്ന് ന്യൂഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. മാളവ്യ നഗര നിവാസിയായ യുവതി തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് നല്‍കിയ പരാതിയിന്മേല്‍ വാദം കേട്ടശേഷം ഡിസംബര്‍ 15 നാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ണ്ണായകമായ ഈ വിധി പുറത്തു വിട്ടത്.
യുവതിയുടെ ഹരജി ഹൈക്കോടതി തള്ളി. ‘വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ഉഭയസമ്മതോത്തോടെ രണ്ടുപേരും ദീര്‍ഘകാലം പലതവണകളായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അതൊരിക്കലും പീഢനമോ, ബലാത്സംഗമോ ആവില്ല’ എന്നാണ് കോടതിയുടെ നിരീക്ഷണം.
പരാതിക്കാരിയായ യുവതി ഗ്രെയ്റ്റര്‍ കൈലാഷ് എന്ന ഫ്‌ളാറ്റില്‍ വീട്ടുജോലി ചെയ്തിരുന്നു. ഈ കാലഘട്ടത്തില്‍ 2008 ല്‍ പരിചയപ്പെട്ട യുവാവ് ചതിച്ചുവെന്ന് പറഞ്ഞാണ് യുവതി കോടതിയെ സമീപിച്ചിരുന്നത്. യുവതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ യുവാവ് വിവാഹം കഴിക്കാമെന്ന് യുവതിക്ക് വാക്കുകൊടുത്തുവെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ യുവതി യുവാവുമായി നിരവധി തവണ ശാരീരികമായി ബന്ധപ്പെട്ടു. തുടര്‍ന്ന് യുവാവുമായി ഒളിച്ചോടി 2013 വരെ ഒരുമിച്ചു കഴിയുകയും ചെയ്തു.
തുടര്‍ന്ന് ഈ കാലത്തിനിടയില്‍ യുവതി ഗര്‍ഭിണിയാവുകയും വിവാഹം കഴിയാത്തതിനാനും മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും ഇരുവരും ചേര്‍ന്ന് ഗര്‍ഭഛിദ്രം നടത്തി. യുവാവ് പിന്നീട് തന്റെ ഗ്രാമമായ പഞ്ചാബിലേക്ക് തിരിച്ചുപോയിരുന്നു. അവിടെ വച്ച് യുവാവ് മറ്റൊരു യുവതിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പിന്നീട് വീട്ടുകരുടെ സഹായത്തോടെ ആ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതിനിടയില്‍ യുവതി വീണ്ടും 2014 ആറുമാസക്കാലം വിവാഹിതനായ ഇതേ യുവാവിനൊപ്പം കഴിഞ്ഞു. ആ സന്ദര്‍ഭത്തിലാണ് യുവാവ് തന്നെ ഒരിക്കലും വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന കാര്യം യുവതി പരിപൂര്‍ണ്ണമായും യുവാവില്‍ നിന്നും മനസിലാക്കുന്നത്.
തുടര്‍ന്ന് യുവതി യുവാവിനെതിരെ ബലാത്സംഗ കേസുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെതിരെ ഐ.പി.സി. 376, 415 വകുപ്പു പ്രകാരം യുവാവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. എന്നാല്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ഒരു തവണത്തെ ശാരീരിക ബന്ധമാണെങ്കില്‍ പോലും അത് പരിഗണിക്കാവുന്നതാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ശാരീരിക ബന്ധങ്ങള്‍ നടത്തിയിട്ട് അത് ബലാത്സംഗം എന്ന കുറ്റ കൃത്യത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് കോടതി തീര്‍ത്തു പറഞ്ഞു. തന്നെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നു പറഞ്ഞ് യുവതി നല്‍കിയ പരാതിയില്‍ യുവാവിനെ വെറുതെ വിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് യുവതി പരാതിപ്പെട്ടത്. അതും ഹൈക്കോടതി നിരുപാധികം തള്ളുകയാണ് ഉണ്ടായത്.