മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്‍റാണ് സസ്പെന്‍റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പതിനഞ്ച് ദിവസത്തേക്ക് അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിൽ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കൾ കൂട്ടമായെത്തി കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയായിരുന്നു. കുട്ടികൾ ഭയപ്പാടിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂളിലേക്ക് യുവജന വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തുകയും ചെയ്തു.
ഫർസീൻ ഇന്നലെ സ്കൂളിൽ ഹാജരായിരുന്നു. ഉച്ചയ്ക്ക് ശേഷം ലീവെടുത്താണ് ഇയാൾ പ്രതിഷേധത്തിനായി വിമാനത്താവളത്തിൽ എത്തിയതെന്ന് കണ്ടെത്തിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടർ പറഞ്ഞു. ഡിപിഐ യുടെ നിർദ്ദേശ പ്രകാരം ഫർസീനെതിരെ അന്വേഷണം നടക്കുകയാണെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ വ്യക്തമാക്കി. അതിനിടെ സി പി എം അനുകൂലികളായ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തി ടി സി ആവശ്യപ്പെട്ടു. ഫർസീൻ ഇനി സ്കൂളിൽ എത്തുകയാണെങ്കിൽ അടിച്ച് കാല് മുറിക്കുകയാണ് വേണ്ടതെന്ന് സ്കൂളിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എം ഷാജർ പറഞ്ഞു. മുഖ്യമന്ത്രിയെ അക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ ഇനി ഡിവൈഎഫ്ഐയും തെരുവിലുണ്ടാകുമെന്നും ഷാജർ പറഞ്ഞു.