കൊല്ലം: ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ തട്ടിപ്പ്. കൊല്ലത്തെ അധ്യാപികയില്‍ നിന്നും പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് കൊല്ലം സ്വദേശിക്ക് വാട്സാപ്പില്‍ സന്ദേശം ലഭിച്ചത്. കൊട്ടാരക്കരയിലെ അധ്യാപികയാണ് ഇരയായത്.
ഉത്തരേന്ത്യൻ സംഘങ്ങളിൽ പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓൺലൈൻ ലോട്ടറി അടിച്ചുവെന്നും ഈ തുക ലഭിക്കണമെങ്കിൽ നികുതിപ്പണമായി 14 ലക്ഷം രൂപ അടക്കണമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.
പിന്നാലെ ഡി.ജി.പിയുടെ ഫോട്ടോ വെച്ചുകൊണ്ടുള്ള ഒരു സന്ദേശമാണ് വന്നത്. സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ദല്‍ഹിയിലാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡി.ജി.പി ദല്‍ഹിയിലാണെന്ന മറുപടി ലഭിച്ചപ്പോള്‍ വാട്സ്ആപ്പ് സന്ദേശം സത്യമായിരിക്കുമെന്ന് കരുതി പണം അയച്ചുകൊടുത്തു.