കൊറോണ വൈറസ് 114 രാജ്യങ്ങളിലേക്ക് പടര്‍ന്ന് മരണം വിതയ്ക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പ് ബോംബെ തുറമുഖം വഴി ഇന്ത്യയിലെത്തിയ മഹാമാരിയെക്കുറിച്ച് പറഞ്ഞു കേട്ട കഥകള്‍ ഓര്‍മ്മിക്കുന്നു പഴയ തലമുറ.’ബോംബെ പനി’ എന്ന് ഇന്ത്യയില്‍ അറിയപ്പെട്ട 1918 ലെ സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ 50 – 100 ദശലക്ഷം ജീവനുകളെയാണ് ലോകവ്യാപകമായി അപഹരിച്ചത്. ഇന്ത്യയില്‍ മാത്രം 10 – 20 ദശലക്ഷം പേര്‍ മരണമടഞ്ഞു.
‘രാത്രിയിലെ കള്ളനെപ്പോലെ ബോംബെയില്‍ വന്നു’ ആ മഹാമാരിയെന്നാണ് അന്നത്തെ ബോംബെ നഗരത്തിലെ ആരോഗ്യ ഉദ്യോഗസ്ഥനായിരുന്ന ജെ.എ ടര്‍ണര്‍ രേഖപ്പെടുത്തിയത്.1918 മെയ് മാസത്തില്‍ തുറമുഖത്തടുത്ത ഏതോ കപ്പലിലാണ് വൈറസ് വന്നതെന്ന് വൈകി സ്ഥിരീകരിക്കപ്പെട്ടിരുന്നു.
തുറമുഖത്തെ കപ്പലുകളുടെ കാവല്‍ ജോലിയിലേര്‍പ്പെട്ട ഏഴ് പോലീസ് ശിപായിമാരാണ് ‘മലേറിയ ഇതര പനി’ ബാധിച്ച് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. താമസിയാതെ, ഒരു ഷിപ്പിംഗ് സ്ഥാപനത്തിലെയും ബോംബെ പോര്‍ട്ട് ട്രസ്റ്റ്, ഹോങ്കോംഗ്-ഷാങ്ഹായ് ബാങ്ക്, ടെലിഗ്രാഫ് ഓഫീസ് എന്നിവിടങ്ങളിലെയും ജീവനക്കാര്‍ക്ക് അസുഖം ബാധിച്ചു. പകര്‍ച്ചവ്യാധി തുടക്കത്തില്‍ പ്രായമായവരെയും കുട്ടികളെയും മാത്രമേ ബാധിച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പിന്നീട് ബാധ കൂടുതല്‍ മാരകമായെന്ന് ഗവേഷകനായ ഡേവിഡ് അര്‍നോള്‍ഡ് തന്റെ പ്രബന്ധത്തില്‍ എഴുതി. 20 നും 40 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവരും ധാരാളമായി മരണത്തിനു കീഴടങ്ങി. ‘1918 ഒക്ടോബര്‍ 6 ന് മാത്രം ബോംബെ നഗരത്തില്‍ 768 പേര്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് മരണമടഞ്ഞു, 1890 കളിലെയും 1900 കളിലെയും പ്ലേഗ് പകര്‍ച്ചവ്യാധിയുടെ മൂര്‍ദ്ധന്യത്തേക്കാള്‍ കൂടുതല്‍ മരണങ്ങള്‍’- അര്‍നോള്‍ഡ് എഴുതി. രോഗം പിന്നീട് ഇന്ത്യയിലുടനീളം വ്യാപിച്ചു. പഞ്ചാബിലും യുണൈറ്റഡ് പ്രവിശ്യകളിലും (ഇപ്പോള്‍ ഉത്തര്‍പ്രദേശ്) ആയിരക്കണക്കിനു പേരുട ജീവനെടുത്തു.
ഈ രോഗം മൂലം രാജ്യത്ത് 25 ദശലക്ഷം വരെ ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് കണക്ക്.1911 ലെ ദേശീയ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 4 ശതമാനം വരും ഇത്. ആഗോള മരണസംഖ്യയുടെ അഞ്ചിലൊന്നും. ‘1918 ലെ സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ ഇന്ത്യയെ മാറ്റിമറിച്ചു’വെന്നാണ് കവി സൂര്യകാന്ത് ത്രിപാഠി എഴുതിയത്. ‘ഇത് ജീവിതത്തിലെ ഏറ്റവും ഭീതി വളര്‍ത്തിയ സമയമായിരുന്നു… എന്റെ കുടുംബം കണ്ണുചിമ്മുന്നത്ര വേഗത്തില്‍ അപ്രത്യക്ഷമായി.’
അക്കാലത്ത് അതിസാര ബാധിതനായിരുന്ന മഹാത്മാഗാന്ധി ഗംഗാ ബെന്നിനുള്ള കത്തില്‍ ഈ വൈറസ് ബാധയെപ്പറ്റി എഴുതി: നമ്മുടെ പൂര്‍വികരുടെ ശരീരങ്ങള്‍ക്ക് മികച്ച പ്രതിരോധ ശേഷിയുണ്ടായിരുന്നു.പക്ഷേ, ഇന്ന് വായുവിലൂടെ പടരുന്ന രോഗാണുക്കള്‍ കയറിക്കൂടിയാല്‍ അപ്പോള്‍ തന്നെ മരിച്ചു പോകുന്ന ദുര്‍ബല ദേഹങ്ങളാണ് നമ്മുടേത്. പ്രവൃത്തികളിലും ഇച്ഛകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ നമുക്ക് ഇങ്ങനെയുള്ള മഹാവ്യാധികളില്‍ നിന്ന് രക്ഷനേടാനാകൂ.