തിരുവനന്തപുരം: വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ ഡിന്നറിനുശേഷം കസേരയിലിരുത്തി സഹപ്രവർത്തകർ ഓഫിസ് കോംപൗണ്ടിനു പുറത്തെത്തിക്കുന്ന പതിവ് യൂണിഫോം ഫോഴ്സുകളിലുണ്ട്. ‘ഡൈനിങ് ഔട്ട്’ എന്നാണ് ഇതിനെ വിളിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് പൊലീസ് ചീഫ് (എസ്‌പിസി) ലോക്നാഥ് ബെഹ്റയുടെ വാഹനം ഉദ്യോഗസ്ഥർ വെളുത്ത കയർ കൊണ്ട് കെട്ടി വലിച്ചതും ഇത്തരം ഒരു ആചാരത്തിന്റെ തുടർച്ചയാണ്. ഔദ്യോഗിക പദവിയിൽനിന്ന് പിരിയുന്ന അവസാന ദിവസം മുഴുവൻ സേനയും അദ്ദേഹത്തെ തങ്ങളുടെ ചുമലിലേറ്റുന്നുവെന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ബ്രിട്ടിഷുകാരാണ് ഇത്തരത്തിലുള്ള ആചാരങ്ങൾ തുടങ്ങി വച്ചത്. പണ്ട് ഇതു രഥം പോലുള്ളവയിൽ ആണ് നടത്തിയിരുന്നത്. പിന്നീട് ജീപ്പുകളിലേക്കു മാറി. ഇത് കേരള പൊലീസ് സ്ഥിരമായി പിന്തുടരുന്ന ഒരു ആചാരമല്ല. മുൻപ് സെൻകുമാർ വിരമിച്ചപ്പോൾ ഈ ആചാരം ഉണ്ടായിരുന്നില്ല. ജേക്കബ് പുന്നൂസ് സ്റ്റേറ്റ് പൊലീസ് ചീഫായി വിരമിച്ചപ്പോൾ ഈ ആചാരമുണ്ടായിരുന്നു. ജേക്കബ് പുന്നൂസ് അധികാരത്തിലെത്തിയപ്പോഴാണ് ഡിജിപി തസ്തിക സ്റ്റേറ്റ് പൊലീസ് ചീഫായി മാറുന്നതും ശമ്പളമടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുന്നതും. പുതിയ സ്റ്റേറ്റ് പൊലീസ് ചീഫ് അധികാരമേൽക്കുമ്പോൾ കടലാസുകളിൽ ഒപ്പിടുന്നതുമാത്രമായിരുന്നു ചടങ്ങ്. ജേക്കബ് പുന്നൂസാണ് സ്ഥാനമൊഴിയുന്ന എസ്‌പിസി പുതിയ എസ്‌പിസിക്ക് അധികാര ദണ്ഡ് കൈമാറുന്ന ചടങ്ങിനു തുടക്കം കുറിച്ചത്. വീരചരമം അടഞ്ഞ പൊലീസുകാരുടെ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചതിനുശേഷം പൊലീസ് ചീഫ് സ്ഥാനമേൽക്കുന്ന പതിവ് ആരംഭിച്ചതും ഇദ്ദേഹമാണ്.









































