ലോകമെമ്പാടും ഭീതി പടർത്തി കൊറോണ പടർന്നുപിടിക്കുമ്പോൾ ആശ്വാസത്തിന്റെ കരങ്ങളുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ എല്ലാം തല്‍ക്കാലത്തേക്ക് ആശുപത്രികള്‍ ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
സ്പാനിഷ് ദിനപത്രമായ മാർകയും യുവന്റസ് വെബ്സൈറ്റുമാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിതരെ ചികിത്സിക്കാന്‍ ഈ ആശുപത്രികള്‍ ഉപയോഗിക്കും.
ഈ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ ചെലവും ഒപ്പം ഡോക്ടര്‍മാരുടെയും മറ്റു ജോലിക്കാരുടെയും വേതനവുമെല്ലാം റൊണാള്‍ഡോ തന്നെ വഹിക്കും.
കോവിഡ് ബാധയിൽ ആശങ്ക അറിയിച്ച റൊണാൾഡോ, ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിക്കണമെന്നും കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.
ലോകം വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഫുട്ബോൾ താരം എന്ന നിലയില്‍ അല്ല ഞാൻ ഇത് പറയുന്നത്. ഒരു മകനായി, ഒരു പിതാവായി, ഒരു മനുഷ്യനായി ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ ആശങ്കാകുലനാക്കുന്നു- റൊണാൾഡോ ട്വീറ്റ് ചെയ്തു.
അതേസമയം ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് റിപ്പോർട്ടുകൾ. യുവന്റസിലെ തന്റെ സഹതാരമായ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് റൊണാള്‍ഡോ അടക്കമുള്ള യുവന്റസ് താരങ്ങള്‍ ഐസൊലേഷനിലേക്ക് മാറിയത്.