തിരുവനന്തപുരം: വ്യാജവോട്ട് വിവാദത്തിന്റെ പേരിൽ വോട്ടർമാരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ കെൽട്രോൺ വഴി നിയമിക്കപ്പെട്ട ഇരുന്നൂറോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ തിരുവനന്തപുരത്തെ ഓഫിസ്, 14 കലക്ടറേറ്റുകൾ, ഇവയ്ക്കു കീഴിലെ താലൂക്ക് ഓഫിസുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവരെയാണു പിരിച്ചുവിട്ടത്. പ്രതിപക്ഷത്തിനു വോട്ടർപട്ടിക ചോർത്തിക്കൊടുത്തെന്ന സംശയത്തിലാണ് ഇവർക്കെതിരായ നടപടി. പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയാണ് 4.34 ലക്ഷം വ്യാജ/ഇരട്ട വോട്ടർമാർ സംസ്ഥാന പട്ടികയിൽ കടന്നു കൂടിയിട്ടുണ്ടെന്ന വിവരം രേഖകൾ സഹിതം പുറത്തുവിട്ടത്.
പ്രതിപക്ഷത്തിനു വോട്ടർ പട്ടിക ലഭിക്കാൻ ഇടയായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഡിജിപിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണക്ക് കത്തു നൽകിയതിനെ തുടർന്ന് ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ വ്യാജ വോട്ടുകളുടെ ഒട്ടേറെ വിവരങ്ങൾ പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിനു തയാറായി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ചുരുങ്ങിയ നാളുകൾ കൊണ്ടു നടത്തിയ അന്വേഷണത്തിൽ 38,586 വോട്ടുകൾ മാത്രം ഇരട്ടിച്ചിട്ടുണ്ടെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ കണ്ടെത്തിയത്. വോട്ടർ പട്ടിക ചോരാൻ ഇടയായതു പരിശോധിക്കണമെന്നാവശ്യപ്പെട്ട് വോട്ടെണ്ണലിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു നിർദേശം നൽകി. തുടർന്നാണു താൽക്കാലികക്കാരെ പിരിച്ചു വിട്ടതും അന്വേഷണത്തിന് പൊലീസിനു നിർദേശം നൽകിയതും.