gnn24x7

‘സഹായിക്കണം’ ലോകത്തിനു മുന്‍പില്‍ അമ്മയുടെ ജീവനുവേണ്ടി പൊട്ടിക്കരഞ്ഞു; മണിക്കൂറുകള്‍ കൊണ്ട് അക്കൗണ്ടില്‍ എത്തിയത് 89 ലക്ഷം

0
304
gnn24x7

കണ്ണൂര്‍: സഹായിക്കണം, കണ്ണുനീരോടെ കൈകള്‍ക്കൂപ്പി അവള്‍ ലോകത്തോട് അപേക്ഷിച്ചു. നെഞ്ചുരുകിയുള്ള അവളുടെ സങ്കടം ജനങ്ങള്‍ ഏറ്റെടുത്തു. പിന്നീട് അവിശ്വസനീയമായിരുന്നു കരുണയുള്ളവരുടെ സ്‌നേഹപ്രതികരണം. അമ്മയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ 18 ലക്ഷം രൂപ വേണമെന്നറിഞ്ഞ അവള്‍ ആശുപത്രി വരാന്തയില്‍ പൊട്ടിക്കരഞ്ഞു. സ്വന്തമായി വീടും കിടപ്പാടവുമില്ലാത്ത അച്ഛന്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. ഈ ദൈന്യതയറിഞ്ഞ ചാരിറ്റി പ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ആ കണ്ണീര്‍ മൊബൈലില്‍ പകര്‍ത്തി ലോകത്തിനുനല്‍കി

വെറും 14 മണിക്കൂര്‍കൊണ്ട് വര്‍ഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയത് 50 ലക്ഷം രൂപ. പണം വീണ്ടും വന്നുകൊണ്ടേയിരിക്കുമ്പോള്‍ സാജന്‍ സാമൂഹികമാധ്യമത്തില്‍ വന്നു പറഞ്ഞു. ഇനി പണം അയക്കേണ്ട. ചികിത്സയ്ക്ക് ആവശ്യമായ പണമായി. ബാങ്കുകാരെയും അത് അറിയിച്ചു. അപ്പോഴേക്കും ഒരു മണിക്കൂര്‍കൊണ്ട് വീണ്ടും പത്തുലക്ഷം കൂടിയെത്തി. അല്പം കഴിഞ്ഞപ്പോഴേക്കും 89 ലക്ഷമായി കാരുണ്യവര്‍ഷം. ബാങ്കുകാര്‍ പിന്നീട് അക്കൗണ്ട് ക്ലോസ് ചെയ്തു.

ശസ്ത്രക്രിയയ്ക്ക് പതിനെട്ടരലക്ഷമാണ് ചികിത്സാച്ചെലവ്. അനുബന്ധചികിത്സയും പരിചരണവുമെല്ലാംകൂടി 25 ലക്ഷമെങ്കിലും കണക്കാക്കുന്നു. ബാക്കി തുകയ്ക്ക് വീടില്ലാത്ത വര്‍ഷ ഒരു വീടുവെക്കട്ടെ. ബാക്കിയുണ്ടെങ്കില്‍ അതവള്‍ കഷ്ടതയനുഭവിക്കുന്ന മറ്റാര്‍ക്കെങ്കിലും കൊടുക്കട്ടെയെന്ന് സാജന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കാക്കത്തോട് വാടകവീട്ടിലാണ് അമ്മ രാധയും മകള്‍ വര്‍ഷയും താമസിക്കുന്നത്. അമ്മ ഐസ്‌ക്രീം പാര്‍ലറില്‍ ജോലിയെടുത്തുള്ള തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുള്ളൂ. മഞ്ഞപ്പിത്തം വന്നു മാറാതിരുന്നപ്പോഴാണ് എറണാകുളം അമൃതയില്‍ ചികിത്സയ്ക്കുപോയത്. അപ്പോഴാണ് കരള്‍ പൂര്‍ണമായും നശിച്ചുവെന്നും മാറ്റിവെച്ചാലേ ജീവന്‍ തിരിച്ചുകിട്ടൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നത്.

പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വ്യാഴാഴ്ച 11 മണിക്കാണ് തുടങ്ങിയത്. ശസ്ത്രക്രിയയ്ക്കുമുമ്പ് വര്‍ഷ സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവരോടും നന്ദിപറഞ്ഞു. ”ദൈവത്തിന്റെ രൂപത്തിലാണ് സാജനും സുഹൃത്തുക്കളും മുന്നിലെത്തിയത്.” -അവള്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here