ഇന്നലെ കടന്നു പോയത് ഈ വർഷത്തെ അവസാന സൂപ്പർ മൂൺ പ്രതിഭാസം. ഇന്ത്യയിൽ വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സൂപ്പർ ഫ്ലവർ മൂൺ ദൃശ്യമായി തുടങ്ങിയത്. ഇന്ന് പുലർച്ചെ വരെ ഇന്ത്യൻ ആകാശത്ത് പൂത്തുലഞ്ഞ് ഫ്ലവർമൂൺ നിറഞ്ഞാടി.
ഇനിയൊരു സൂപ്പർമൂണിനെ കാണണമെങ്കിൽ അടുത്ത വർഷം ഏപ്രിൽ 27 വരെ കാത്തിരിക്കണം. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രൻ ഏറ്റവും അടുത്തു വരുന്നതാണ് സൂപ്പർ മൂൺ. ഭൂമിയുമായി ഏറ്റവും അടുത്തു വരുന്നതിനാൽ തന്നെ ഈ സമയത്ത് ചന്ദ്രന് കൂടുതൽ വലുപ്പവും തിളക്കവും ഉണ്ടാകും.
ചന്ദ്രൻ ഭൂമിയെ വലയം ചെയ്യുന്നത് എല്ലാ കാലത്തും ഒരേ അകലത്തിലല്ല. ഭൂമിയുമായി ഏറ്റവും അടുത്തു വരുന്നതുപോലെ അകലുന്ന സമയവുമുണ്ട്.
ഇന്നലെ കഴിഞ്ഞു പോയ സൂപ്പർമൂണിനെ സൂപ്പർ ഫ്ളവർ മൂൺ എന്ന് വിളിക്കുന്നതിന് കാരണം അമേരിക്കയിൽ ഈ സമയം പൂക്കളുടെ മാസമായതിനാലാണ്.
ഇന്നലത്തെ സൂപ്പർ ഫ്ലവർ മൂണിന് ഇനിയുമുണ്ട് പ്രത്യേകത, പൗർണമി രാത്രിയായതിനാൽ കൂടുതൽ മിഴിവും തിളക്കവും വലിപ്പവുമുള്ള ചന്ദ്രനായിരുന്നു ഇന്നലെ പ്രത്യക്ഷപ്പെട്ടത്.
ഈ ലോക്ക്ഡൗൺ കാലത്ത് മനുഷ്യന് സന്തോഷിക്കാൻ ഇങ്ങനെ ചിലതും പ്രകൃതി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 7- 8 തീയതികളിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍.
ഈ വർഷം മൂന്ന് സൂപ്പർമൂണാണ് പ്രത്യക്ഷപ്പെട്ടത്.



































