gnn24x7

ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമർശനം

0
177
gnn24x7

ഡൽഹി : കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമർശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചതെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശനം.

തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയിലെ വോട്ടര്‍മാരെയാകെ ലക്ഷ്യമിട്ടാണ് ആദായ നികുതിയില്‍ വന്‍ മാറ്റം പ്രഖ്യാപിച്ചതെന്നാണ് ആരോപണം. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറിന് വാരിക്കോരിയും നല്‍കി.

 ബിഹാറിലെ പദ്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച സാരിയുമുടുത്ത് ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി അഞ്ച് തവണയാണ് ബിഹാറിനായുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഫോക്സ് നട്സ് അഥവാ മഖാന കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ മഖാന ബോര്‍ഡ്, ഭക്ഷ്യസംരക്ഷണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട്, കോസി കനാല്‍ പദ്ധതി, പാറ്റ്ന ഐഐടിയുടെ വികസനം,പാറ്റ്ന വിമാനത്താവളത്തിന്‍റെ വികസനവും പുതിയ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളങ്ങളും ഇങ്ങനെ പലതവണ പ്രസംഗത്തിനിടെ ബിഹാറിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. 

ബിഹാറിന് മാത്രമേയുള്ളോ എന്ന ചോദ്യം ഉയര്‍ത്തിയാണ് അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചത്.

കഴിഞ്ഞ തവണ ആന്ധ്രക്കും ഏറെ ആനുകൂല്യങ്ങള്‍ കിട്ടിയെങ്കിലും ഈ ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. ഈ വര്‍ഷം ഒക്ടോബറില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കവേയാണ് ബിഹാറിന് സര്‍ക്കാര്‍ കൈനിറയെ നല്‍കിയത്. ഇതെല്ലാം ഉയർത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7