ലണ്ടൻ: ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ സർക്കാർ രംഗത്ത്. കോറോണ ആന്റി ബോഡി പരീക്ഷണ പരിശോധനകളുടെ ആദ്യഘട്ടം വിജയിച്ചതിന് പിന്നാലെയാണ് ഇങ്ങനൊരു സമീപനവുമായി സർക്കാർ രംഗത്തെത്തുന്നത്.
ഓക്സ്ഫോഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനനങ്ങളുമായും ചേർന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (UK-RTC) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യത കോറോണ കിറ്റ് രേഖപ്പെടുത്തിയിരുന്നു.
ഇരുപത് മിനിറ്റ് കൊണ്ട് കുറഞ്ഞ ചിലവിൽ ഫലമറിയാൻ സാധിക്കും. ആന്റിബോഡി ടെസ്റ്റിൽ 98.6 ശതമാനം കൃത്യത കണ്ടെത്തിയെന്ന് UK-RTC മേധാവി ക്രിസ് ഹാൻഡ് വ്യക്തമാക്കി. മാത്രമല്ല ഈ വർഷം തന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഇതിനായുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടുകൂടി മാത്രമേ ലഭിക്കൂ. എന്നിരുന്നാലും ഇതിനോടകം തന്നെ ആയിരക്കണക്കിന് പ്രോട്ടോടൈപ്പുകൾ യുകെയിലെ വിവിധ ഫാക്ടറികളിലായി നിർമിച്ചു കഴിഞ്ഞു.