gnn24x7

സ്പെയിനിൽ മിന്നൽ പ്രളയം; മരണം 51

0
257
gnn24x7

കിഴക്കൻ സ്പെയിനിനെ ബാധിച്ച മിന്നൽ പ്രളയത്തിൽ 51 പേരെങ്കിലും മരിച്ചതായി വലൻസിയയിലെ പ്രാദേശിക സർക്കാരിൻ്റെ വക്താവ് സ്ഥിരീകരിച്ചു. സ്‌പെയിനിന്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സ്പെയിനിന്‍റെ തെക്കും കിഴക്കും ഭാഗങ്ങളിലാണ് ഇന്നലെ അതിശക്തമായ മഴ പെയ്തത്. റോഡുകളെല്ലാം വെള്ളത്തിലായി. ചെളി നിറഞ്ഞ വെള്ളം കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടു. റെയിൽ, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു. തെരുവുകളിൽ കാറുകൾ ഒഴുകിപ്പോകുന്നതും കെട്ടിടങ്ങളിൽ വെള്ളം അടിച്ചുകയറുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു മാസം പെയ്യേണ്ട മഴ ഒരു ദിവസം പെയ്തതോടെ സ്പെയിനിൽ മഴക്കെടുതി രൂക്ഷമായി.

സ്പെയിനിൻ്റെ കാലാവസ്ഥാ ഏജൻസിയായ AEMET കിഴക്കൻ വലൻസിയ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ടൂറിസ്, യൂട്ടിയൽ തുടങ്ങിയ ചില പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വലൻസിയ മേഖലയുടെ ചില ഭാഗങ്ങളിൽ ഫോൺ ലൈനുകൾ തകരാറിലായി. വെള്ളപ്പൊക്കത്തിൽ റോഡു ഗതാഗതം തടസ്സപ്പെട്ടു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ സ്കൂളുകളും മറ്റ് അവശ്യ സേവനങ്ങളും നിർത്തിവച്ചു. വളരെയധികം ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

വലൻസിയ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 12 വിമാനങ്ങൾ സ്‌പെയിനിലെ മറ്റ് നഗരങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി സ്പാനിഷ് വിമാനത്താവള ഓപ്പറേറ്റർ അറിയിച്ചു. വലെൻസിയ മേഖലയിലെ റെയിൽ ഗതാഗതവും സുരക്ഷയെ കരുതി നിർത്തിവെച്ചിരിക്കുകയാണെന്ന് ദേശീയ റെയിൽ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്റർ അറിയിച്ചു. 276 യാത്രക്കാരുണ്ടായിരുന്ന ഒരു അതിവേഗ ട്രെയിൻ അൻഡലൂഷ്യയയിൽ പാളം തെറ്റിയെങ്കിലും ആർക്കും പരിക്കില്ല. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അൻഡലൂഷ്യയിലെ അലോറയിൽ ചിലരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7