gnn24x7

വയനാട് പുനരധിവാസം; ടൗൺഷിപ്പിന് ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിൽ

0
196
gnn24x7

കൽപ്പറ്റ: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡൽ ടൗൺഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിൽ. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ട് എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹര്‍ജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഭൂമിയുടെ അവകാശി ആരെന്ന ചോദ്യം കോടതി കയറിയതോടെ നിയമക്കുരുക്കും അവകാശ തര്‍ക്കങ്ങളും ഒഴിവാക്കി ടൗൺഷിപ്പിന് ഭൂമി ഏറ്റെടുക്കൽ സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനാണ് മോഡൽ ടൗൺഷിപ്പ് പ്രപ്പോസൽ സര്‍ക്കാര്‍ മുന്നോട്ട് വച്ചതും ഭൂമി കണ്ടെത്തിയതും. ഏറ്റവും അനുയോജ്യമെന്ന് സര്‍ക്കാര്‍ കരുതുന്ന ഭൂമി വൈത്തിരി കൽപ്പറ്റ വില്ലജുകളിലാണ്. വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ പെട്ട നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടറും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഹെക്ടറും ഏറ്റെടുക്കാൻ നടപടികളും തുടങ്ങി. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സിവിൽ കേസുകൾ ഫയൽ ചെയ്യാൻ റവന്യു വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് കാണിച്ച് പിന്നാലെ മറ്റൊരുത്തരവും വന്നു. 

എന്നാൽ ഭൂമിയിൽ സര്‍ക്കാരിന് അവകാശം ഇല്ലെന്നും ഏറ്റെടുക്കാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിലെത്തിയതോടെ പ്രശ്നം സങ്കീര്‍ണ്ണമായി. തര്‍ക്ക തുക കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കലിലേക്ക് സര്ക്കാര്‍ പോയാൽ ടൗൺഷിപ്പിന്‍റെ ഗുണഭോക്താക്കളുടെ ഉടമസ്ഥാവകാശം പ്രതിസന്ധിയിലാകും. ദുരന്ത നിവാരണ നിയമപ്രകാരമെങ്കിൽ താൽക്കാലിക ഏറ്റെടുക്കലിന് മാത്രമെ വ്യവസ്ഥയുള്ളു എന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7