gnn24x7

മുകേഷ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരായ ലൈംഗികാതിക്രമ കേസ് പിൻവലിച്ച് പരാതിക്കാരി

0
231
gnn24x7

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകൾ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നു. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പ്രത്യേകാന്വേഷണ സംഘം കേസുമെടുത്തു. കേസുകൾ നേരിടുന്ന എല്ലാവരും തന്നെ ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്. തൻ്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

നടിയുടെ പരാതിയിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിൻ്റെ അരികിൽ വരെ എത്തിയിരുന്നു. പ്രതിപക്ഷമടക്കം മുകേഷിന്റെ രാജിക്കായി മുറവിളി കൂട്ടുകയും ചെയ്‌തിരുന്നു. പരാതി ലഭിച്ചവർക്കെതിരെ അന്വേഷണ സംഘം കേസുകളെടുത്തതോടെ എല്ലാവരും തന്നെ ഹൈക്കോടതിയേയും കീഴ്ക്‌കോടതിയേയും സമീപിച്ച് ജാമ്യമെടുക്കുകയായിരുന്നു. അതിനിടെയാണ് നടിക്കെതിരെ ബന്ധു കൂടിയായ യുവതി ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തു വന്നത്. പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ ചെന്നൈയിലെത്തിച്ച് കാഴ്ചവയ്ക്കാൻ ശ്രമിച്ചു എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഈ പരാതിയിൽ നടിക്കെതിരെ പോക്സോ അടക്കം ചുമത്തുകയും ചെയ്‌തു. ഇതിനിടെ പരാതി ഉന്നയിച്ച ബന്ധുവായ യുവതിയുടെ പേരുവിവരങ്ങളും ചിത്രങ്ങളുമടക്കം നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെതിരെയും കേസുണ്ട്.

താൻ വെളിപ്പെടുത്തലുകൾ നടത്തുകയും പരാതി നൽകുകയും ചെയ്‌തിട്ടും സർക്കാർ പിന്തുണയ്ക്കുന്നില്ലെന്നാണ് നടിയുടെ ആരോപണം. തനിക്കെതിരെ ഉന്നയിക്കപ്പെട്ട പോക്സോ കേസ് കള്ളമാണെന്ന് അറിഞ്ഞിട്ടും അതിനെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അവർ പറയുന്നു. ഈ സാഹചര്യത്തിൽ പരാതികൾ പിൻവലിക്കുന്നതായി അന്വേഷണ സംഘത്തെ രേഖാമൂലം അറിയിക്കുമെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം, നടി പിന്മാറിയാലും കേസുകൾ റജിസ്റ്റ‌ർ ചെയ്തിട്ടുള്ള സാഹചര്യത്തിൽ അന്വേഷണം നടത്തി കേസിൽ തീർപ്പാക്കേണ്ടി വരും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7