ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 8 പേർ മരിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടനമുണ്ടായത്. 20 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു.
ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെല്ലിനെയും അഗ്നിരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി അധികൃതർ പറയുന്നു.സമീപകാലത്ത് ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് കാറിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. കേസിൽ രണ്ട് ഡോക്ടർമാർ പിടിയിലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നു.
ജമ്മു കശ്മീർ പൊലീസിൻ്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിശോധനയിൽ രണ്ട് ഡോക്ടർമാരുൾപ്പെടെ ഏഴ് ഭീകരർ അറസ്റ്റിലായിരുന്നു. പരിശോധനയിൽ 2,900 കിലോ ഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടക നിർമാണ വസ്‌തുക്കളും ആയുധങ്ങളും ഡൽഹിക്കടുത്ത് ഫരീദാബാദിൽ നിന്ന് കണ്ടെത്തി.ജമ്മു കശ്മീരിലെ നൗഗാമിൽ ഒക്ടോബർ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ജയ്ഷെ മുഹമ്മദിൻ്റെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ അന്വേഷണമാണ് പൊലീസ് നടപടികളിലേക്ക് വഴിവച്ചത്.






































