gnn24x7

കിൽക്കെന്നിയിലെ പൂച്ചകളുടെ ചരിത്രം, ഈ നഗരത്തിൻ്റെയും..! – അനിൽ രാമപുരം

0
53
gnn24x7

നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിനും,  സമ്പന്നമായ മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയ്ക്കും, പേരുകേട്ട അയർലൻഡിലെ വിഖ്യാത നഗരമായ കിൽക്കെന്നി പട്ടണം, അതിൻ്റെ പെരുമയ്ക്കൊപ്പം ഈ പട്ടണത്തിലെ പൂച്ചകളുടെ പേരിലും ലോക പ്രശസ്തമാണ്. അതിനാൽ തന്നെ ഈ നഗരത്തിലെ കല, കരകൗശലവിദ്യ, കായികരംഗം തുടങ്ങിയ മേഖലകൾ ‘The Cats ‘ എന്ന പേരിലാണ് ലോകത്തിൻ്റെ മുൻപിൽ ഇന്ന് അറിയപ്പെടുന്നത്.

യഥാർത്ഥത്തിൽ ഇതിൻ്റെ പിന്നിലുള്ളത് രസകരമായ ഒരു ഐറിഷ് നാടോടിക്കഥയാണ്.

പത്തൊൻപതാം നൂറ്റാണ്ടിൽ കിൽക്കെന്നി നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ വെച്ച്, മാർക്കറ്റിലെ സ്ഥിരം ശത്രുക്കളായ ഭീമാകാരന്മാരായ രണ്ട് പൂച്ചകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി.  അവ പരസ്പരം കടിക്കുകയും മാന്തുകയും അതിക്രൂരമായി പോരാടുകയും ചെയ്തു. മാർക്കറ്റിൽ കൂടിയിരുന്ന ജനങ്ങൾക്ക് അത് ഹരമാകുകയും, അവർ ഓരോരുത്തരും ഓരോ പൂച്ചകളുടെ പക്ഷം ചേർന്ന് അവയെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ടി പന്തയം വെയ്ക്കുക ചെയ്തു. ജനങ്ങളുടെ ആർപ്പ് വിളിയിൽ മതിമറന്ന് പരസ്പരം പോരാടിയ ആ പൂച്ചകൾ അവസാനം അവിടെ തന്നെ ചത്ത് വീണു.  അവയുടെ വാലുകൾ മാത്രമാണ് അന്ന്  കിൽക്കെന്നി മാർക്കറ്റിൽ അവശേഷിച്ചതെന്നാണ് ഐതിഹ്യം.

ഇന്നും ഇംഗ്ലീഷിൽ “Fighting like Kilkenny cats” എന്ന പ്രയോഗം പരസ്പരമുള്ള വൈരാഗ്യവും അധികാരത്തിനായുള്ള അനാവശ്യ പോരാട്ടവും ഒടുവിൽ ഇരുകൂട്ടരുടെയും നാശത്തിന് കാരണമാകാം എന്ന് വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഐതിഹ്യം എന്തൊക്കെയായാലും കിൽക്കെന്നി നഗരത്തിലെ വളരെ പ്രശസ്തമായ മൂന്ന് പൂച്ചകളാണ് ചരിത്രത്തിൻ്റെ താളുകളിൽ പിന്നീട് ഇടം നേടിയിരിക്കുന്നത്.

അതിൽ ആദ്യത്തെ പൂച്ചയാണ് റൗൺ ണ്ടി – ക്രോംവെല്ലിന്റെ പൂച്ച (Roundy – Cromwell’s Cat) എന്ന പേരിലും ഇവൻ അറിയപ്പെടുന്നു.

1650-ലെ ഒരു തണുത്ത പ്രഭാതം.

കുതിരകളുടെ കുളമ്പടിശബ്ദവും കുതിരവണ്ടികളുടെ ഇരമ്പലും സൈനികരുടെ മാർച്ചിന്റെ ശബ്ദവും കേട്ടാണ് കിൽക്കെന്നിയിലെ ജനങ്ങൾ ഉറക്കമുണർന്നത്.

ഒരു വലിയ സൈന്യം കിൽക്കെന്നി നഗരമതിലുകളെ ലക്ഷ്യമാക്കി മുന്നേറുന്ന കാഹളമായിരുന്നു അത്.

കുപ്രസിദ്ധ ഇംഗ്ലീഷ് യോദ്ധാവ് ഒലിവർ ക്രോംവെല്ലിന്റെ (Oliver Cromwell) നേതൃത്വത്തിലുള്ള മോഡൽ ആർമി (Model Army) യുടെ മുന്നേറ്റം ആയിരുന്നു അന്ന് അവിടെ സംഭവിച്ചത്.

കലാപകാരികളുടെ തലസ്ഥാനമായിരുന്ന കിൽക്കെന്നി പിടിച്ചടക്കുക എന്നത് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.

നഗരത്തിലേക്ക് പ്രവേശിക്കാൻ ക്രോംവെൽ ക്യാപ്റ്റൻ ടിക്കിൾ (Captain Tickle) എന്ന രാജ്യദ്രോഹിക്ക് പണം മുൻകൂർ  നൽകിയിരുന്നു. നഗരകവാടങ്ങൾ തുറന്നുകൊടുക്കാമെന്നായിരുന്നു അയാളുടെ വാഗ്ദാനം.

എന്നാൽ ടിക്കിളിന്റെ തന്ത്രങ്ങൾ  അദ്ദേഹം നഗരത്തിലെ ഒരു പബ്ബിൽ നടന്ന മദ്യപാന സദസ്സിൽ അറിയാതെ പറഞ്ഞ് പോയി. ചതി മുൻകൂട്ടി മനസിലാക്കിയ നഗരപാലകർ

ക്രോംവെല്ലിന്റെ സൈന്യം നഗരത്തിലെത്തിയപ്പോൾ കവാടങ്ങൾ സുരക്ഷിതമായി അടച്ച് പൂട്ടി. എന്നാൽ, അക്കാലത്ത് കിൽക്കെന്നിയിലെ ജനങ്ങൾ ഒരു മഹാമാരിയുടെ പിടിയിലായിരുന്നു. നിരവധി സൈനികർ രോഗബാധിതരായി കിടപ്പിലായിരുന്നു.

ശക്തമായ ആക്രമണത്തിൽ നഗരത്തിൻ്റെ ഒരു കവാടം തുറക്കുവാൻ ക്രോംവെല്ലിന്റെ സൈന്യത്തിന് കഴിഞ്ഞു, അവർ നഗരത്തിനുള്ളിലേക്ക് ഇരച്ചുകയറി.

ആ സൈന്യത്തോടൊപ്പം ഒരു ചെറിയ ഇംഗ്ലീഷ് അനാഥ പൂച്ചക്കുട്ടിയും ഉണ്ടായിരുന്നു. അധിനിവേശ സൈന്യത്തെ കിൽക്കെന്നിയിലെ ജനങ്ങൾക്കും, പൂച്ചകൾക്കും ഇഷ്ടമായിരുന്നില്ലെങ്കിലും, ആ കുഞ്ഞുപൂച്ചയെ അവർ സന്തോഷത്തോടെ സ്വീകരിച്ചു.

ക്രോംവെല്ലിന്റെ സൈനികരെ ‘റൗണ്ട്ഹെഡ്സ്’ (Roundheads) എന്നാണ് വിളിച്ചിരുന്നത്. അതിനാൽ ആ പൂച്ചക്കുട്ടിക്ക് അവർ റൗണ്ടി (Roundy) എന്ന് പേരിട്ടു.

ക്രോംവെല്ലിന്റെ സൈനികർക്ക് കിൽക്കെന്നിയുടെ ചരിത്രത്തോടോ, സംസ്കാരത്തോടോ യാതൊരു ബഹുമാനവുമുണ്ടായിരുന്നില്ല.

അവർ നഗരത്തിലെ കത്തീഡ്രലിനെ കുതിരകളെ പാർപ്പിക്കുന്ന തൊഴുത്താക്കി മാറ്റി.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പുരാതന മാർക്കറ്റ് ക്രോസ് (Market Cross) വെടിവെപ്പ് പരിശീലനത്തിനുള്ള ലക്ഷ്യമായി ഉപയോഗിച്ചു.

നിരവധി കത്തോലിക്കാ കുടുംബങ്ങളെ അവരുടെ വീടുകളിൽനിന്ന് പുറത്താക്കി നാടുകടത്തി.

ആ കുടുംബങ്ങൾക്കൊപ്പം അവരുടെ പ്രിയപ്പെട്ട പൂച്ചകളും കിൽക്കെന്നി വിട്ടുപോകേണ്ടിവന്നു.

നാടുകടത്തപ്പെട്ടവരുടെ വീടുകളും ഭൂമിയും പിടിച്ചെടുത്ത് ക്രോംവെല്ലിന്റെ സൈനികർക്ക് വിതരണം ചെയ്തു.

ഇതോടെ കിൽക്കെന്നിയുടെ സാമൂഹികജീവിതം പൂർണമായും മാറി.

പഴയ കുടുംബങ്ങളിൽ പലരും അപ്രത്യക്ഷരായി. അവരുടെ സ്ഥാനത്ത് പുതിയ കുടുംബങ്ങൾ താമസമാരംഭിച്ചു.

നഗരത്തിന്റെ വിപ്ലവവീര്യം വർഷങ്ങളോളം ഏതാണ്ട് ഇല്ലാതായി.

എന്നാൽ ക്രോംവെല്ലിന്റെ റൗണ്ടി ഇംഗ്ലീഷ് പൂച്ചയും അവയുടെ സന്തത പരമ്പരകളും കിൽക്കെന്നി നഗരത്തിൻ്റെ ഭാഗമായി മാറി.

രണ്ടാമത്തെ പൂച്ച സുന്ദരി  ‘ലേഡി’ കോട്ടയിലെ പൂച്ച (Lady – The Castle Cat) എന്നാണ് അറിയപ്പെട്ടത്. 

കിൽക്കെന്നി കോട്ട (Kilkenny Castle) നിർമ്മിക്കപ്പെട്ട കാലംമുതൽ അവിടെ പൂച്ചകൾ താമസിച്ചിരുന്നു.

എന്നാൽ അക്കാലത്ത് ഒരു പൂച്ചയ്ക്ക് സുഖമായി ജീവിക്കാൻ അനുയോജ്യമായ സ്ഥലമായിരുന്നില്ല ആ കോട്ട.

കോട്ടയ്ക്കുള്ളിൽ എപ്പോഴും ഇരുട്ടായിരുന്നു.

ജനാലകൾ വളരെ ചെറുതായിരുന്നതിനാൽ ആവശ്യത്തിന് വെളിച്ചം അകത്തേക്ക് കടന്നിരുന്നില്ല.

മാത്രമല്ല, കോട്ട എപ്പോഴും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.

ആൾക്കൂട്ടത്തിനിടയിൽ പരിക്കുകൾ പറ്റാതെ ജീവിക്കുക എന്നത് പൂച്ചകളെ സംബന്ധിച്ച് വലിയൊരു

പ്രയത്നം ആയിരുന്നു.

1650-ൽ ക്രോംവെല്ലിന്റെ പീരങ്കിയാക്രമണത്തിൽ കോട്ടയുടെ ഒരു വശം പൂർണമായും തകർന്നിരുന്നു.

മറ്റൊരു വശത്തിന് ഗുരുതരമായ കേടുപാടുകളും സംഭവിച്ചു.

അക്കാലത്ത് കോട്ടയുടെ പ്രഭു ഓർമണ്ടിലെ ഒന്നാം ഡ്യൂക്കായ ജെയിംസ് (James, 1st Duke of Ormonde) ആയിരുന്നു.

ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹം ചാൾസ് രണ്ടാമൻ രാജാവിന്റെ പക്ഷത്തായിരുന്നു.

അതിനാൽ രാജാവിനൊപ്പം ഫ്രാൻസിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങളോളം ഫ്രാൻസിൽ താമസിച്ച ഡ്യൂക്കിന് അവിടെവച്ച് ഒരു പുതിയ വളർത്തുപൂച്ചയെ ലഭിച്ചു.

അദ്ദേഹം ആ പൂച്ചയ്ക്ക് ലേഡി (Lady) എന്ന് പേരിട്ടു.

ചാൾസ് രണ്ടാമൻ വീണ്ടും ഇംഗ്ലണ്ടിന്റെ സിംഹാസനത്തിലെത്തിയപ്പോൾ ഡ്യൂക്ക് കിൽക്കെന്നിയിലേക്ക് മടങ്ങിവന്നു.

തിരിച്ചെത്തിയ അദ്ദേഹം കണ്ടത് യുദ്ധത്തിൽ തകർന്നുകിടക്കുന്ന കോട്ടയായിരുന്നു.

യുദ്ധത്തിനുമുമ്പുതന്നെ കോട്ട ഇരുണ്ടതും പഴക്കമേറിയതുമായിരുന്നു.

ഇപ്പോൾ അത് ഒരു പ്രഭുവിനോ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ചയ്ക്കോ താമസിക്കാൻ അനുയോജ്യമായിരുന്നില്ല.

അതിനാൽ കോട്ട പുനർനിർമ്മിക്കാൻ ഡ്യൂക്ക് തീരുമാനിച്ചു.

പുനർനിർമ്മാണത്തോടൊപ്പം കോട്ടയെ കൂടുതൽ ആധുനികവും സൗകര്യപ്രദവുമാക്കാനും അദ്ദേഹം ആഗ്രഹിച്ചു.

ഫ്രാൻസിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം മനോഹരമായ നിരവധി കൊട്ടാരങ്ങൾ കണ്ടിരുന്നു.

ആ കൊട്ടാരങ്ങൾ ശത്രുക്കളിൽനിന്നുള്ള പ്രതിരോധത്തിനുവേണ്ടിയല്ല, മറിച്ച് സുഖസൗകര്യങ്ങളോടെയുള്ള ആഡംബരജീവിതത്തിനുവേണ്ടിയായിരുന്നു നിർമ്മിച്ചിരുന്നത്.

അതേ മാതൃകയിൽ കിൽക്കെന്നി കോട്ടയും മാറ്റിപ്പണിയാൻ അദ്ദേഹം തീരുമാനിച്ചു.

കോട്ടയുടെ കട്ടിയേറിയ മതിലുകളിൽ വലിയ ദ്വാരങ്ങൾ നിർമ്മിച്ച് വിശാലമായ ജനാലകൾ സ്ഥാപിച്ചു.

അതിലൂടെ കോട്ടയ്ക്കുള്ളിലേക്ക് ധാരാളം പ്രകാശം കടന്നുവന്നു.

ഒരു മതിലിൽ വലിയ പ്രവേശനകവാടം നിർമ്മിച്ച് അകത്തെ മുറ്റത്തേക്കുള്ള പ്രവേശനം സുഗമമാക്കി.

യുദ്ധത്തിൽ തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്ത് കോട്ടയെ ചുറ്റുമുള്ള വിശാലമായ മൈതാനങ്ങളുമായി ബന്ധിപ്പിച്ചു.

ഇതോടെ കിൽക്കെന്നി കോട്ട മനോഹരവും സൗകര്യപ്രദവുമായ ഒരു വസതിയായി മാറി.

ഡ്യൂക്ക് ഇടയ്ക്കിടെ കിൽക്കെന്നി സന്ദർശിക്കുമായിരുന്നു.

ഇംഗ്ലണ്ടിലെ തന്റെ മറ്റു നിരവധി വസതികളിലും അദ്ദേഹം സമയം ചെലവഴിച്ചിരുന്നു.

എന്നാൽ ലേഡി എന്ന പൂച്ച കിൽക്കെന്നിയിൽത്തന്നെ താമസിച്ചു.

പുതിയ കോട്ടയിലെ ആഡംബരജീവിതം അവൾക്ക് ഏറെ ഇഷ്ടപ്പെട്ടു.

അവളുടെ സാന്നിധ്യം കിൽക്കെന്നിയിലെ പൂച്ചകളുടെ കുടുംബപാരമ്പര്യത്തിന് കൂടുതൽ മനോഹാരിതയും കുലീനതയും നൽകി. അവളുടെ സന്തതി പരമ്പരകൾ അക്കാലത്ത് കൂടുതൽ പ്രഭു കുടുംബങ്ങളിൽ കുലീനതയോടെ ജീവിച്ചു. The Lady പൂച്ചയുടെ ഛായാചിത്രം ഇന്നും കിൽക്കെന്നി കൊട്ടാരത്തിലെ പെയിൻ്റിംഗ് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മാർബിൾ പൂച്ച എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന

മൂന്നാമത്തെ പൂച്ചയാണ് ‘ പേബിൾ’.

(Pebble – A Marble Cat)

നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ചില കെട്ടിടങ്ങൾ ഇന്നും കിൽക്കെന്നിയിൽ നിലനിൽക്കുന്നുണ്ട്.എന്നാൽ അക്കാലത്ത് നിർമ്മിച്ച മറ്റു പല കെട്ടിടങ്ങളും കാലക്രമേണ തകർന്നുവീണു. നിലനിന്ന കെട്ടിടങ്ങളിൽ ഭൂരിഭാഗവും കല്ലുകൊണ്ട് നിർമ്മിച്ചവയായിരുന്നു.

തകർന്നുപോയവയിൽ പലതും തടികൊണ്ട് നിർമ്മിച്ചവയായിരുന്നു.

ജോർജ് രണ്ടാമൻ രാജാവിന്റെ ഭരണകാലമായ പതിനെട്ടാം നൂറ്റാണ്ടിൽ കിൽക്കെന്നി സാമ്പത്തികമായി വളരാൻ തുടങ്ങി.

ചെരിപ്പുകൾ, കമ്പിളിപ്പുതപ്പുകൾ, വിസ്കി, ബിയർ തുടങ്ങിയ ഉൽപ്പന്നങ്ങൾ കിൽക്കെന്നിയിൽനിന്ന് ദൂരദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

ഈ വ്യാപാരത്തിലൂടെ ധാരാളം പണം നഗരത്തിലേക്ക് ഒഴുകിയെത്തി.

ജനങ്ങളുടെ സാമ്പത്തികനില മെച്ചപ്പെട്ടു.

സമ്പന്നരായ ജനങ്ങൾ തങ്ങളുടെ വീടുകളും മറ്റു കെട്ടിടങ്ങളും കൂടുതൽ മനോഹരമാക്കാൻ ആഗ്രഹിച്ചു.

അതോടെ ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

കെട്ടിടങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ ഉറപ്പുള്ള കല്ലുകൾ ഉപയോഗിക്കണമെന്ന് അവർ തീരുമാനിച്ചു.

അതിനായി ഏറ്റവും മികച്ച കല്ലുകൾ നഗരത്തിന്റെ അതിർത്തിപ്രദേശങ്ങളിൽനിന്ന് കണ്ടെത്തി.

ആ കല്ലുകൾക്ക് കറുത്ത നിറമായിരുന്നു.

മിനുക്കിയെടുക്കുമ്പോൾ അവ മാർബിൾ കല്ലുകൾപോലെ തിളങ്ങുമായിരുന്നു.

ഈ കറുത്ത കല്ലുകൾ ഉപയോഗിച്ച് നിരവധി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. ഇന്നും നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന

തോൾസൽ (Tholsel), കോടതിമന്ദിരം (Courthouse), പരേഡ് (Parade), പാർലമെന്റ് സ്ട്രീറ്റ് (Parliament Street), പാട്രിക് സ്ട്രീറ്റ് (Patrick Street) എന്നിവിടങ്ങളിലെ

കെട്ടിടനിരകൾ ആ കല്ലുകൾ കൊണ്ട് അന്ന് നിർമ്മിച്ചവയാണ്.

പുറത്തുനിന്ന് കിൽക്കെന്നി സന്ദർശിക്കാനെത്തിയവർ തിളങ്ങുന്ന കറുത്ത കല്ലുകൾകൊണ്ട് നിർമ്മിച്ച മനോഹരമായ കെട്ടിടങ്ങൾ കണ്ട് അത്ഭുതപ്പെട്ടു.

അവർ കിൽക്കെന്നിയെ ‘മാർബിൾ സിറ്റി’ (Marble City) — മാർബിൾ നഗരം എന്ന് വിളിക്കാൻ തുടങ്ങി.

അങ്ങനെയാണ് കിൽക്കെന്നിക്ക് ലോകപ്രശസ്തമായ ആ വിശേഷണം ലഭിച്ചത്.

അക്കാലത്ത് കിൽക്കെന്നി

മാർബിൾ വ്യവസായത്തിലെ

പ്രമുഖനായ വ്യവസായി ആയിരുന്നു

വില്യം കോളസ്. (William Colles).

കല്ലുകൾ ഖനനം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി അദ്ദേഹം പ്രത്യേക സംവിധാനം വികസിപ്പിച്ചെടുത്തു.

ഈ ജോലികൾക്ക് മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തിനൊപ്പം ഒരു ചെറിയ പൂച്ചപ്പടയും ഉണ്ടായിരുന്നു!

ആ പൂച്ചകളെയെല്ലാം പെബിൾ (Pebble) എന്നാണ് വിളിച്ചിരുന്നത്.

ബെന്നറ്റ്സ്ബ്രിഡ്ജിലേക്കുള്ള (Bennettsbridge) റോഡിലുള്ള ബ്ലാക്ക്‌ക്വാറി (Blackquarry) എന്ന സ്ഥലത്താണ് കല്ലുകൾ ഖനനം ചെയ്തിരുന്നത്.

കല്ലുകൾ ഭൂമിയിൽനിന്ന് വെട്ടിയെടുക്കുന്നത് പെബിൾ പൂച്ചകൾ ശ്രദ്ധയോടെ നിരീക്ഷിക്കുമായിരുന്നു.

ഖനനം ചെയ്ത കല്ലുകൾ സമീപത്തുള്ള നോർ നദിയിലേക്ക് (River Nore) കൊണ്ടുപോകുമ്പോൾ പൂച്ചകളും കൂടെ പോകും.

അവിടെനിന്ന് കല്ലുകളും പൂച്ചകളും ഒരുമിച്ച് വള്ളത്തിൽ നദി കടക്കും.

തുടർന്ന് നദിയുടെ ഒഴുക്കുദിശയിൽ ഏകദേശം അര മൈൽ അകലെയുള്ള പുതിയ മില്ലിലേക്ക് അവയെ കൊണ്ടുപോകും.

ആ മില്ലിൽ പ്രത്യേകതരം അറക്കവാളുകൾ ഉപയോഗിച്ച് കല്ലുകൾ ആവശ്യമായ ആകൃതിയിലും വലുപ്പത്തിലും മുറിച്ചെടുക്കുമായിരുന്നു.

മാർബിൾ കല്ലുകളുടെ വിവിധ ഉപയോഗങ്ങൾ

കെട്ടിടനിർമ്മാണത്തിനുള്ള വലിയ കല്ലുകൾ മാത്രമായിരുന്നില്ല ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നത്.

ഈ കറുത്ത കല്ലുകൾ ഉപയോഗിച്ച് പലതരം വസ്തുക്കളും നിർമ്മിച്ചിരുന്നു.

അടുപ്പുകളുടെയും ഫയർപ്ലേസുകളുടെയും അലങ്കാരഭാഗങ്ങൾ, വെള്ളം ഒഴുക്കാനുള്ള പൈപ്പുകൾ, തറയിൽ വിരിക്കുന്ന കല്ലുകൾ, അലങ്കാരവസ്തുക്കൾ എന്നിവയും നിർമ്മിക്കപ്പെട്ടു.

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മാതൃകകൾ തിരഞ്ഞെടുക്കുന്നതിനായി വിവിധ ഡിസൈനുകൾ ഉൾപ്പെടുത്തിയ ഒരു പുസ്തകവും വില്യം കോളസിന്റെ കൈവശമുണ്ടായിരുന്നു.

കാലക്രമേണ ഈ വ്യാപാരം വൻതോതിൽ വളർന്നു.

ഉൽപ്പാദനം വർധിച്ചതോടെ കൂടുതൽ പൂച്ചകളെയും മേൽനോട്ട

ജോലിക്കായി ആവശ്യമായി വന്നു!

എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ  കഥ മാറി, മാർബിൾ കല്ലുകളുടെ ജനപ്രീതി ക്രമേണ കുറഞ്ഞുതുടങ്ങി.

അതോടെ കല്ല് ഖനികളും സംസ്കരണ മില്ലുകളും ഒന്നൊന്നായി അടച്ചുപൂട്ടപ്പെട്ടു.

അതിനെ ചുറ്റി പറ്റി ജീവിച്ചിരുന്ന

പൂച്ചകൾക്കും തങ്ങളുടെ നിത്യവൃത്തിക്ക് ഉള്ള ആഹാരവും നഷ്ടമായി.

കിൽക്കെന്നിയിലെ മാർബിൾ പൂച്ചകളെ സംബന്ധിച്ചിടത്തോളം അത് ഒരു കറുത്ത ദിനമായിരുന്നു.

കാലക്രമേണ കുറെയെണ്ണം പട്ടിണി മൂലം മരണപ്പെട്ടു, ബാക്കിയുള്ളവ

അനാഥ പൂച്ചകളായി തെരുവുകളിൽ അലഞ്ഞ് തിരിയേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് എത്തിച്ചേർന്നു.

ഈ മൂന്ന് പൂച്ചകളുടെ കഥകളിലൂടെ കിൽക്കെന്നിയുടെ ചരിത്രത്തിലെ മൂന്ന് പ്രധാന കാലഘട്ടങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.

റൗണ്ടി ക്രോംവെല്ലിന്റെ റൗണ്ടി (Roundy) പൂച്ച

അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ഓർമ്മകൾ പങ്കുവയ്ക്കുന്നു.

ഓർമണ്ടിലെ ഒന്നാം ഡ്യൂക്കായ ജെയിംസിൻ്റെ

ലേഡി പൂച്ച (The Lady)

കിൽക്കെന്നി കോട്ടയുടെ പുനർനിർമ്മാണത്തിന്റെയും രാജകീയ ആഡംബരജീവിതത്തിന്റെയും കഥ പറയുന്നു.

മാർബിൾ പൂച്ചകളായ പേബിൾസ്

(Pebble – A Marble Cat)

കിൽക്കെന്നിയുടെ സാമ്പത്തിക വളർച്ചയുടെയും പ്രസിദ്ധമായ കറുത്ത മാർബിൾ വ്യവസായത്തിന്റെയും ചരിത്രവും, തുടർന്ന് ഉണ്ടായ വ്യവസായ തകർച്ചയെയും ഓർമ്മിപ്പിക്കുന്നു.

യുദ്ധങ്ങളും ഭരണപരിവർത്തനങ്ങളും സാമ്പത്തിക ഉയർച്ചകളും തകർച്ചകളും കടന്നുപോയിട്ടും കിൽക്കെന്നിയുടെ സാംസ്കാരിക വ്യക്തിത്വത്തിന്റെ ഭാഗമായിത്തന്നെ ഈ പൂച്ചകളും, അവയുടെ പേരിൽ ഇവിടുത്തെ ജനങ്ങളും അറിയപ്പെടുന്നു.

“Up the Cats!”.

രചന – അനിൽ രാമപുരം

References: 

1. We are Kilkenny Cats!

Author – Gemma Aloisi and Donal

Cadogan

2. There Once Were Two Cats From Kilkenny

Author – Donal Cadogan & Kim Shaw.

3. 2 Cats of Kilkenny

Author – Anie Goose

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7