gnn24x7

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

0
332
gnn24x7

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍കരണം അവസാനിപ്പിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി സുപ്രീംകോടതി.

ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കരുതെന്ന നിര്‍ണ്ണായക വിമര്‍ശനവും  സുപ്രീംകോടതി പുറപ്പെടുവിച്ചു. അഥവാ മത്സരിപ്പിച്ചാല്‍ അതിനുള്ള വിശദീകരണം രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കണം.

ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയാല്‍ അതിന്‍റെ വിശദീകരണം പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍, ഒപ്പം എന്തുകൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം.

കൂടാതെ, 72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടത്  യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം, ക്രിമിനല്‍ സ്വഭാമുള്ളയാളെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിവരം സുപ്രീംകോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ നാല് പൊതു തിരഞ്ഞെടുപ്പുകളിൽ ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരുടെ എണ്ണത്തില്‍ ഭയാനകമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here