gnn24x7

വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക്

0
621
gnn24x7

തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി പൊലീസിന്‍റെ തട്ടിപ്പ്. സര്‍ക്കാറിലേക്ക് അടക്കാതെ 31 കോടി രൂപയാണ് വകമാറ്റിയതെന്ന് സി.എ.ജി കണ്ടെത്തി. കാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് കൈമാറിയ തുകയിലും പൊരുത്തക്കേടുണ്ട്. വാഹനങ്ങള്‍ അമിതവേഗത്തിലോടുന്നത് കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പിന് പുറമെ പൊലീസും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിയമലംഘനത്തിന് നാല് വര്‍ഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 45.83 കോടി രൂപ.

എന്നാല്‍ ഇതില്‍ നിന്ന് സര്‍ക്കാരിലേക്ക് അടച്ചത് 14.7 കോടി മാത്രമാണ്. 31.13 കോടി രൂപ വക മാറ്റി. ഇതില്‍ നിയമപ്രകാരം പകുതി തുക അവകാശപ്പെട്ട റോഡ‍് സുരക്ഷ അതോറിറ്റിക്കും നയാപൈസ കിട്ടിയില്ല. സര്‍ക്കാരിലേക്ക് അടയ്ക്കാതിരുന്ന തുകയില്‍ 7.78 കോടി രൂപ പൊലീസിന്‍റെ എസ്.ബി.ഐ അക്കൌണ്ടിലേക്കും 23.16 കോടി രൂപ കെല്‍ട്രോണിനുമാണ് നല്‍കിയത്. അമിതവേഗം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച 100 കാമറകളുടെ വില, പരിപാലനം എന്നീ ഇനത്തിലാണ് ഇത്രയും വലിയ തുക നല്‍കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ സി.എ.ജി ഇത് അംഗീകരിക്കുന്നില്ല.

ഇക്കാര്യം പരിശോധിക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും പുരോഗതിയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പിഴത്തുകയിലെ വിഹിതം ലഭിക്കാത്തത് മൂലം റോഡ് സുരക്ഷ അതോറിറ്റിയുടെ പദ്ധതികള്‍ മുടങ്ങിയെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. സേനയുടെ സാമ്പത്തിക മാനേജ്മെന്‍റില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here