തിരുവനന്തപുരം: CAG റിപ്പോര്‍ട്ട് ഇടതുമുന്നണി സര്‍ക്കാരിനെ വരിഞ്ഞുമുറുക്കുന്ന സമയത്ത് ഇതാ സര്‍ക്കാരിന്‍റെ വന്‍ ധൂര്‍ത്തിന്‍റെ റിപ്പോര്‍ട്ട്കൂടി പുറത്തുവന്നിരിക്കുന്നു….
കൊട്ടിഘോഷിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ലോക കേരള സഭയുടെ ചെലവുകളാണ് പുറത്തു വന്നിരിക്കുന്നത്. സഭയില്‍ പങ്കെടുക്കാനെത്തിയവരുടെ താമസത്തിനും ഭക്ഷണത്തിനുമായി മാത്രം ഒരു കോടിയോളം രൂപ ചെലവായതായി വിവരാവകാശ രേഖ തെളിയിക്കുന്നു. ഭക്ഷണം നല്കിയതതിനു മാത്രം 60 ലക്ഷമാണ് ചെലവായത്. കൂടാതെ, സമ്മേളനത്തിനെത്തിയ പ്രതിനിധികളെല്ലാം ആഡംബര ഹോട്ടലുകളിലാണ് താമസിച്ചത്.
ഭരണപക്ഷ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കുപുറമേ 178 പ്രവാസി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുത്തത്. ജനുവരി 1, 2, 3 തിയതികളില്‍ തിരുവനന്തപുരത്തായിരുന്നു ലോകകേരള സഭ സംഘടിപ്പിച്ചത്.
ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550+ നികുതി, ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചത്. അതിനാലാണ് ഇത്രയും ഉയര്‍ന്നതുക ചിലവായത്. 700പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും ഈ നിരക്കില്‍ ഒരുക്കിയിരുന്നു.
പരിപാടി നടന്നത് ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണെങ്കിലും ഡിസംബര്‍ 31 മുതല്‍ ജനുവരി 4വരെ താമസിക്കാനുള്ള സൗകര്യം പ്രതിനിധികള്‍ക്ക് ഒരുക്കിയിരുന്നു. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്.
അതേസമയം, ലോക കേരള സഭ എന്ന പരിപാടിയുടെ വേദി നിര്‍മ്മാണം സംബന്ധിച്ച് മുന്‍പും അഴിമതിയാരോപണം ഉയര്‍ന്നിരുന്നു.
ഇതോടെ, കടത്തില്‍ മുങ്ങിയ സംസ്ഥാന സര്‍ക്കാരിന്‍റെ അമിത ആഡംബരം സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുകയാണ് എന്നത് വ്യക്തം.