ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ നേട്ടമാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായാണ് വിരാട് കോഹ്ലി പരിഗണിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ ഇതുവരെ 930 പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുള്ള വിരാട് കോഹ്ലി 480 പേരെ ഫോളോ ചെയ്യുന്നുമുണ്ട്.
31 വയസുള്ള വിരാട് കോലി ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായാണ് കണക്കാക്കപ്പെടുന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് വിരാട് കോഹ്ലിക്ക് പിന്നിൽ ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 49.9 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചോപ്രയെ പിന്തുടരുന്നത്. 44.1 ഫോളോവേഴ്സുമായി ദീപിക പദുക്കോൺ ആണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്‍റെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 34.5 മില്യൺ ആളുകൾ മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. എന്നാൽ, ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സെലിബ്രിറ്റി ഒരു ഫുട്ബോൾ താരമാണ്. ക്രിസ്റ്റ്യാനോ റൊണോൾഡോ. 200 മില്യൺ ഉപയോക്താക്കളാണ് ഇൻസ്റ്റഗ്രാമിൽ റൊണാൾഡോയെ പിന്തുടരുന്നത്.








































