ബെയ്ജിംഗ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ മരണസംഖ്യ 2000 കടന്നു. കഴിഞ്ഞ ദിവസം മാത്രം ഹുബെ പ്രവിശ്യയിൽ 132 പേരാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 2000 കടന്നത്. അതേസമയം, ഹുബെ പ്രവിശ്യയിൽ 1693 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് കമ്മീഷൻ അറിയിച്ചു. ഇതോടെ, ചൈനയിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74, 000 ആയി.
പ്രധാനമായും ഹുബെ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡിസംബറിൽ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് ഹുബെ പ്രവിശ്യയിൽ ആയിരുന്നു. അതേസമയം, ഹുബെയിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ ഈ ആഴ്ചയിലെ ഏറ്റവും കുറവ് നമ്പറാണ്.
അതേസമയം, ചൈനയിലെ ആരോഗ്യവിദഗ്ധർ നടത്തിയ പഠനത്തിൽ 80 ശതമാനത്തോളം പേരിലും തീവ്രത കുറഞ്ഞ രീതിയിലാണ് വൈറസ് ബാധയുണ്ടായിട്ടുള്ളതെന്ന് പറയുന്നു. ഇതിനിടെ, വുഹാനിലുള്ള വുചാങ് ആശുപത്രിയുടെ ഡയറക്ടർ ലിയു ജിമിങ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചു. ജിമിങ്ങിനെ രക്ഷിക്കാൻ കഴിയുന്ന വിധത്തിലുള്ള ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.






































