gnn24x7

മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടുത്തം; തീ പൂര്‍ണ്ണമായും അണക്കാനാകാതെ അഗ്നിശമന സേന

0
258
gnn24x7

ബ്രഹ്മപുരം: മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയമായെങ്കിലും പൂര്‍ണ്ണമായും അണക്കാനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രദേശത്ത് തീ പടര്‍ന്നുപിടിച്ചത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിച്ചെങ്കിലും ഇതുവരെയും തീ പൂര്‍ണ്ണമായും അണക്കാനാകാതെ തുടരുകുയാണ്.

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മാലിന്യകൂമ്പാരത്തില്‍ നിന്നും തുടങ്ങിയ തീ വളരെ വേഗത്തില്‍ തന്നെ ഏക്കറുകളോളം പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകളാണ് പ്ലാന്റിലെത്തിയിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായെങ്കിലും പല ഭാഗങ്ങളില്‍ നിന്നും പുക ഉയരുന്നത് തീ വീണ്ടും പടര്‍ന്നുപിടിക്കുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

മാലിന്യപ്ലാന്റിലെ തീപിടുത്തം പ്രദേശത്താകെ വലിയ രീതിയില്‍ പുക വ്യാപിക്കുന്നതിന് കാരണമായി. കൊച്ചി നഗരത്തിലാകെ പുക നിറഞ്ഞ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തീ നിയന്ത്രണവിധേയമായതോടെയാണ് ഇതിന് കുറവുണ്ടായത്. എന്നാല്‍ വെള്ളം പമ്പ് ചെയത് തീ അണക്കുന്നത് പ്ലാന്റിന്റെ പരിസരപ്രദേശത്ത് പുക പടരാനിടയാക്കുന്നുണ്ട്.

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ മുന്‍വര്‍ഷങ്ങളിലും തീപിടുത്തം ഉണ്ടാകാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെയാണ് തീപിടുത്തം ഉണ്ടാകാറുള്ളതും. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും വലിയ തീപിടുത്തങ്ങള്‍ പ്ലാന്റില്‍ നടന്നിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന തീപിടുത്തത്തെ തുടര്‍ന്ന വിവിധ സുരക്ഷാസജ്ജീകരണങ്ങള്‍ പ്ലാന്റില്‍ ഒരുക്കിയിരുന്നു ഇതാണ് ഇപ്പോഴുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷാസജ്ജീകരണങ്ങളുടെ ഭാഗമായി പ്ലാന്റില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതിന്റെ നിരീക്ഷണപരിധിക്കപ്പുറത്തുള്ള ഭാഗങ്ങളില്‍ നിന്നാണ് തീ ആരംഭിച്ചത്.

തീപിടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. തീപിടുത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മേയര്‍ സൗമിനി ജെയിന്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തീപിടുത്തമുണ്ടായപ്പോള്‍ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്താതാണ് ഈ വര്‍ഷവും തീപിടുത്തം ആവര്‍ത്തിക്കാന്‍ കാരണമെന്നും മേയര്‍ ആരോപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here