gnn24x7

അരുണാചലിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ചവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

0
199
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകൾ വിശദമായി പരിശോധിക്കുമെന്ന്  പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ടിൽ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം. മരണാനന്തര ജീവിതത്തിൽ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. മരിക്കാന്‍ അരുണാചൽ എന്ത് കൊണ്ട് തെരെഞ്ഞെടുത്തുവെന്നും പൊലീസ് അന്വേഷിക്കും.

അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് വട്ടിയൂക്കാവ് പൊലീസും ബന്ധുക്കൾക്കൊപ്പം പോകും. ദമ്പതിമാരുടെയും സുഹൃത്തിന്റെയും മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറയുന്നത്. എന്നാൽ മരണം അസ്വാഭാവികമായാണ് തോന്നുന്നത്. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണർ പറ‍ഞ്ഞു. മരിക്കാന്‍ എന്ത് കൊണ്ട് അരുണാചൽ തെരഞ്ഞെടുത്തുവെന്ന് അന്വേഷിക്കുമെന്നും മൊബെൽ ഫോൺ അടക്കം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം മൂന്ന് പേരും ഇന്റര്‍നെറ്റിൽ തിരഞ്ഞതിന്‍റെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരും ബ്ലാക്ക് മാജിക് വലയിൽ വീണുപോയതായി സംശയിക്കുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. 

ഇറ്റാനഗര്‍ പൊലീസ് വിളിച്ചറിയിക്കുമ്പോഴാണ് നാടിന് നടുക്കമുണ്ടാക്കിയ കൂട്ടമരണം ബന്ധുക്കളറിയുന്നത്. ഇറ്റാനഗറിന് സമീപത്തെ സിറോ എന്ന സ്ഥലത്ത് ഹോട്ടലിൽ മുറിയിലാണ് നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ‍കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. സന്തോഷത്തോടെ ജീവിച്ചു ഇനി പോകുകയാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടേയും ബന്ധുക്കളുടെ ഫോൺ നമ്പര്‍ മൃതദേഹത്തിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലൻ മാധവന്‍റെയും ക്രൈസ്റ്റ് നഗറിലെ അധ്യാപിക ലതയുടേയും ഏക മകളാണ് മരിച്ച ദേവി. ഭര്‍ത്താവ് നവീൻ തോമസ് കോട്ടയം മീനടം സ്വദേശിയും റിട്ടയേഡ് ഉദ്യോഗസ്ഥരായ എൻഎ തോമസിന്‍റെയും അന്ന തോമസിന്റെയും മകനുമാണ്. നഗരത്തിലെ ചെമ്പക സ്കൂളിലെ അധ്യാപികയാണ് മരിച്ച ആര്യ. മേലത്ത്മേല സ്വദേശി അനിൽകുമാറിന്‍റെ ഏകമകളാണ്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7