gnn24x7

പൊലിസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി

0
305
gnn24x7

തിരുവനന്തപുരം: പൊലിസിനെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നവീകരണ പദ്ധതികളുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ബിശ്വാസ് മേത്തയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലിസ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ, മാനദണ്ഡങ്ങള്‍ പാലിച്ചാണോ വാഹനങ്ങള്‍ വാങ്ങിയത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാകും സര്‍ക്കാര്‍ സി.എ.ജി റിപ്പോര്‍ട്ട് പരിശോധിക്കുന്ന നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മറുപടി നല്‍കുക.

പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. പൊലിസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എ.ഡി.ജി.പിമാര്‍ക്ക് വില്ല നിര്‍മ്മിക്കാന്‍ ഡി.ജി.പി വകമാറ്റി ചെലവഴിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്.

അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ വാഹനങ്ങള്‍ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഢംബര കാറുകള്‍ വാങ്ങി, 481 പൊലീസ് സ്റ്റേഷനുകളില്‍ ഒരു ലൈറ്റ് വെയിറ്റ് വാഹനം പോലുമില്ല. 183 പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒരു വാഹനം മാത്രമേയുള്ളൂ ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് കാറുകള്‍ വാങ്ങിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം വെടിയുണ്ട കാണാതായ സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ക്രൈം ബ്രാഞ്ച് എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യേഗസ്ഥന്‍.

പൊലിസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് ഇന്‍സാസ് റൈഫിളുകളും, വെടിയുണ്ടകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരുന്നത്.

ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ഇന്‍സാസ് റൈഫിളുകള്‍ പൊലിസിന്റെ പക്കല്‍ തന്നെയുണ്ടെന്ന് കണ്ടെത്തി.അതേസമയം വെടിയുണ്ടകള്‍ എങ്ങനെ നഷ്ടമായി എന്നതിന് വ്യക്തത വന്നിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here