ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന വടക്കു കിഴക്കൻ ഡൽഹിയിൽ വീണ്ടും സംഘർഷം. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ മൗജ്പൂരിലും ഭജൻപുരയിലുമാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഒരു ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.
വടക്കുകിഴക്കൻ ജില്ലയിലെ 10 സ്ഥലങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു. ഇരുകൂട്ടരും നടത്തിയ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതേതുടർന്നു പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസിനുനേരെയും വെടിവയ്പുണ്ടായി. പോലീസ് സ്ഥലത്തെ നിയന്ത്രണം ഏറ്റെടുത്തു.
24 മണിക്കൂറിനിടെ ഡൽഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘർഷമാണ് ഇത്. ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധ സ്ഥലത്തേക്കു ഞായറാഴ്ച മാർച്ച് നടത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ആരംഭിച്ചത്.