ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്നി അസോസിയേഷനും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടപ്പിച്ചു. പുലര്‍ച്ചെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ദല്‍ഹി അക്രമത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ കെജ്‌രിവാള്‍ പ്രദേശത്തെ എം.എല്‍.എമാരുമായി സംഭവസ്ഥലം സന്ദര്‍ശിക്കണമെന്നും ജനങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സമാധാന മാര്‍ച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ദല്‍ഹി സംഘര്‍ഷത്തില്‍ മരണസംഖ്യ 14 ആയി. ഇന്നലെ അര്‍ദ്ധരാത്രി മുസ്തഫാബാദിലെ അക്രമത്തില്‍ ഒരാള്‍ കൂടി മരിച്ചു.
56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപേര്‍ക്ക് പരിക്കുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
അതേ സമയം ദല്‍ഹി കലാപത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഒപ്പം കലാപത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ധ രാത്രി ജസ്റ്റിസ് മുരളീധരന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടത്.