gnn24x7

ബിഹാറിന് പുറമെ എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കാന്‍ ആന്ധ്രാസര്‍ക്കാരും

0
263
gnn24x7

ഹൈദരാബാദ്: ബിഹാറിന് പുറമെ എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കാന്‍ ആന്ധ്രാസര്‍ക്കാരും. എന്‍.പി.ആറിലെ ചോദ്യങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതാണെന്ന് മുഖ്യമന്ത്രി ജഗന്‍മോഗന്‍ റെഡ്ഢി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ സഖ്യകകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ആന്ധ്രാപ്രദേശ് ഭരിക്കുന്നത്.

മുസ്‌ലിം സംഘടനാനേതാക്കളുമായി ജഗന്‍മോഹന്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.

‘പാര്‍ട്ടിയില്‍ ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 2010 ലെ ചോദ്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്ന് ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഇതിനായി അടുത്തുവരുന്ന നിയമസഭാ സമ്മേളനത്തില്‍ ഞങ്ങള്‍ പ്രമേയം കൊണ്ടുവരും.’, ജഗന്‍മോഹന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ എന്‍.ഡി.എയിലെ സഖ്യകക്ഷിയായ ജെ.ഡി.യു നയിക്കുന്ന ബിഹാര്‍ സര്‍ക്കാരും എന്‍.ആര്‍.സിയ്ക്കും എന്‍.പി.ആറിനുമെതിരെ രംഗത്തെത്തിയിരുന്നു. എന്‍.ആര്‍.സി നടപ്പാക്കില്ലെന്നും എന്‍.പി.ആറിലെ വിവാദചോദ്യങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു ബിഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ജെ.ഡി.യുവിന് പിന്നാലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

തെലങ്കാന സര്‍ക്കാരും എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. നേരത്തെ കേരള നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തില്‍ ആദ്യമായി ഇത്തരത്തില്‍ പ്രമേയം പാസാക്കിയത് കേരള നിയമസഭയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here