gnn24x7

പാലാരിവട്ടം മേൽപ്പാലം അഴിമതി; മൊഴിയാവർത്തിച്ച് ടി.ഒ.സൂരജ്

0
257
gnn24x7

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് മൊഴിയാവർത്തിച്ചു. മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി വിജിലൻസ് സൂരജിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇതിലാണ് സൂരജ് തന്റെ നിലപാട് ആവർത്തിച്ചത്. കൊച്ചിയിലെ ഓഫിസിലാണ് മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് ആവർത്തിച്ചു.

നടപടികളെക്കുറിച്ച് മന്ത്രിക്ക് അറിയാമായിരുന്നുവെന്ന പഴയ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. രേഖകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും മൊഴിയെടുപ്പിനു ശേഷം സൂരജ് പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിനെ മൂന്നു തവണ ചോദ്യം ചെയ്തതിനു ശേഷവും പൊതുമരാമത്ത് മുൻ സെക്രട്ടറിയെ വിളിച്ചു വരുത്തിയത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സൂരജിൻ്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് നീങ്ങുന്നത്. തനിക്ക് ഒന്നുമറിയില്ലെന്നും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിതല തീരുമാനമായിരുന്നുവെന്നുമാണ് ഇബ്രാഹിം കുഞ്ഞിൻ്റെ നിലപാട്. ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തിയട്ടുണ്ട്. അല്ലാതെ തനിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് നല്കിയ മൊഴിയിലുണ്ട്.

ഇതിൽ വ്യക്തത വരുത്തുന്നതിനായാണ് സൂരജിനെ വീണ്ടും വിളിച്ചു വരുത്തിയത്. സൂരജ് നിലപാടിൽ ഉറച്ചു നിൽക്കുന്നതോടെ ഇബ്രാഹിം കുഞ്ഞിൻ്റെ നില കൂടുതൽ പരുങ്ങലിലാകാനാണ് സാധ്യത. കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here