ന്യൂദല്‍ഹി: കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള സാര്‍സ് അംഗരാജ്യങ്ങളുമായി ഒരുമിച്ച് കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് പാകിസ്താന്‍.
കൊവിഡ്-19 നെ പ്രതിരോധിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍സ് രാജ്യങ്ങളെ ക്ഷണിച്ചതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.
സാര്‍സ് അംഗരാജ്യങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിന് തയ്യാറാണെന്നാണ് പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അറിയിച്ചിരിക്കുന്നത്.
‘ കൊവിഡ്-19 നെതിരായി ആഗോളതലത്തില്‍ തദ്ദേശീയ തലത്തിലും സംയുക്ത ശ്രമങ്ങളാണ് നടത്തേണ്ടത്. പ്രധാനമന്ത്രിയുടെ പ്രത്യേക മെഡിക്കല്‍ അസിസ്റ്റന്റും സാര്‍സ് അംഗ രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും,’ പാകിസ്താന്‍ വിദേശ കാര്യമന്ത്രാലയ പ്രതിനിധി ട്വീറ്റ് ചെയ്തു.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍സ് അംഗരാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൊവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടത്.
ട്വീറ്റിനു പിന്നാലെ സാര്‍സ് അംഗങ്ങളായ അഫ്ഘാനിസ്താന്‍, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ അനുകൂല പ്രതികരണമറിയിച്ചിരുന്നു.
സാര്‍സ് രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗ ബാധ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 17 വിദേശ പൗരര്‍ക്കുള്‍പ്പെടെ 83 പേര്‍ക്കാണ് കൊവിഡ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തു.
പാകിസ്താനില്‍ 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഫ്ഘാനിസ്താനില്‍ ഏഴ് കേസുകളും മാലിദ്വീപില്‍ 8 പേര്‍ക്കും ബംഗ്ലാദേശില്‍ മൂന്നും ശ്രീലങ്കയില്‍ രണ്ടു പേര്‍ക്കും ഭൂട്ടാന്‍ നേപ്പാള്‍ എന്നിവിടങ്ങളില്‍ ഓരോ കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.






































